
ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ് . തന്നോട് ഏറ്റുമാനൂരിൽ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഏറ്റുമാനൂർ സീറ്റിനായി കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചിട്ടില്ല. മറിച്ച് കോൺഗ്രസിനായിരുന്നു സീറ്റ് കേരള കോൺഗ്രസിന് നൽകണമെന്ന് നിർബന്ധമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

പാർട്ടി ഏറ്റുമാനൂരിൽ തനിക്ക് സീറ്റ് നൽകും എന്ന് വിശ്വസിച്ച വിഡ്ഢിയാണ് താനെന്ന് ലതിക സുഭാഷ് പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്ത ലതിക ഏറ്റുമാനൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
മൂന്നുപതിറ്റാണ്ടിലേറെയായി ഏറ്റുമാനൂരിൽ പൊതുപ്രവർത്തനം നടത്തിയ താൻ കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്മിശ്ര വികാരങ്ങളോടെയാണ് ഇത്തവണ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലതിക പ്രസംഗം ആരംഭിച്ചത്.
ഒരിക്കലും തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും വലിയ സങ്കടമായിപ്പോയതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്നും അവർ പറഞ്ഞു. ‘എന്‍റെ പ്രസ്ഥാനത്തോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല. ശരീരത്തിൽ പഴുത്ത വൃണം ഞെക്കിക്കളയുമ്പോൾ വേദനയുണ്ടാകും പക്ഷേ അത് പുറത്തുപോയില്ലെങ്കിൽ അതീവ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ഒരു സ്ത്രീക്ക് പൊതുരംഗത്ത് പ്രവർത്തിക്കാൻ പുരുഷനേക്കാൾ ബുദ്ധിമുട്ടാണ്.’-ലതിക പറഞ്ഞു.
