ഭൂമിക്ക് വ്യാജ പ്രമാണം ഉണ്ടാക്കി കെ.എസ്.എഫ്.ഇയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; മാനേജരും ഇടനിലക്കാരും ഉൾപ്പെടെ ആറ് പ്രതികൾ, വിജിലൻസ് അന്വേഷണം തുടങ്ങി

You are currently viewing ഭൂമിക്ക് വ്യാജ പ്രമാണം ഉണ്ടാക്കി കെ.എസ്.എഫ്.ഇയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; മാനേജരും ഇടനിലക്കാരും ഉൾപ്പെടെ ആറ് പ്രതികൾ, വിജിലൻസ് അന്വേഷണം തുടങ്ങി

വാർത്തകൾ വാട്‍സ് ആപ്പിൽ ലഭിക്കാൻ: https://chat.whatsapp.com/J1WOrkpJNgFEovYLyHb6C0

കാസർകോട്: ഇല്ലാത്ത ഭൂമിക്ക് വ്യാജ പ്രമാണം ഉണ്ടാക്കി കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി. സംഭവത്തിൽ മാനേജർ പദവിയിലുള്ള ആൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ്. വിശ്വാസ വഞ്ചനയും ചതിയും നടത്തി കെ.എസ്.എഫ്.ഇയുടെ കാഞ്ഞങ്ങാട്, കോഴിക്കോട്, ബത്തേരി ബ്രാഞ്ചുകളിൽ നിന്നും ചിട്ടി തുകയായും ചിട്ടി ലോണായും 70 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്.

2018 ജൂലായ് മാസം മുതൽ ഗൂഡാലോചന നടത്തുകയും കെ.എസ്.എഫ്.ഇയുടെ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ ആയിരുന്ന കേസിലെ ആറാം പ്രതി നീലേശ്വരം, കോറോത്ത് വീട്, ചിണ്ടൻ നായരുടെ മകൻ, ബാബുരാജ്.കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ഗുരുതരമായ കൃത്യവിലോപം നടത്തുകയും ബാങ്കിനെ ചതിക്കുകയും ചെയ്‌തുവെന്നാണ് വിജിലൻസ് എഫ്.ഐ.ആറിൽ പറയുന്നത്.

കാസർകോട് ജില്ലയിലെ പെരിയ വില്ലേജ് റീ സർവ്വേ നമ്പർ 12/2ൽ പെട്ട 47 സെന്റ് ഭൂമിയുടെ രേഖകളിൽ കൃത്രിമം ഉണ്ടാക്കിയും വില്ലജ് ഓഫീസിൽ നിന്നും അനുവദിച്ച സർട്ടിഫിക്കറ്റുകളിൽ കൃത്രിമം വരുത്തുകയും ചെയ്‌തു. കൂടാതെ വ്യാജ സീലുകൾ പതിച്ചും റീ സർവ്വേ നമ്പർ 12/2ൽ പെട്ട യഥാർത്ഥ ഭൂമിയുടെ രേഖകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗ്യാരണ്ടിയായി വ്യാജ രേഖകൾ ഹാജരാക്കിയാണ് പ്രതികൾ പണം തട്ടിയെടുത്തത്. ഇതിന് അന്നത്തെ മാനേജർ ഒത്താശയും സഹായവും ചെയ്‌തു കൊടുത്തതായും എഫ്.ഐ.ആറിൽ പറയുന്നു.

ഉദുമ കുറുക്കൻ കുന്ന് കണ്ണൻ്റെ മകൻ പുരുഷോത്തമൻ, കോഴിക്കോട്, ചേലന്നൂർ, അശോകൻ്റെ മകൻ ഹിറോഷ്, ചെറുവത്തുർ, കൈതക്കാട്, മുഹമ്മദിൻ്റെ മകൻ ഹൈദരലി, കളനാട്, കീഴൂർ പടിഞ്ഞാറ്, നെബ്ബാസ് വില്ല, അഹമ്മദിൻ്റെ മകൻ ഇക്‌ബാൽ സി.എ, കളനാട്, ചെമ്പരിക്ക സ്വദേശി ബേക്കൽ കോട്ടപ്പാറയിലെ ഇബ്രാഹിം കുട്ടിയുടെ മകൻ അബ്ദുൽ അസീസ് തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ. കെ.എസ്.എഫ്.ഇയുടെ പണം തട്ടിയെടുത്ത കാഞ്ഞങ്ങാട്, കോഴിക്കോട്, ബത്തേരി എന്നീ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരും കേസിൽ പ്രതികളായേക്കും എന്നാണ് സൂചന.

ഹൊസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ പകർപ്പ്

2021ലെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷിച്ച ഈ തട്ടിപ്പ് കേസിൽ കേരള സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇയിലെ ഒരു ഉദ്യോഗസ്ഥനും പ്രതിപട്ടികയിൽ ഉള്ളതിനാൽ സർക്കാർ നിർദേശ പ്രകാരം വിജിലൻസിന് കൈമാറുകയായിരുന്നു. കാസർകോട് വിജിലൻസ് ആൻറ് ആന്റി കറപ്‌ഷൻ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Published by: Peethambaran Kuttikol

0Shares