
കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഴുവൻ പേരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.പി.സി.സി ആഹ്വനം ചെയ്ത കളക്ടറേറ്റ് മാർച്ച് കാസര്ഗോഡും നടന്നു. കാസറഗോഡ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാവിലെ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കാസറഗോഡ് എം.പി രാജ്‌മഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി അധ്യക്ഷൻ പി.കെ ഫൈസൽ അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും പ്രതിഷേധത്തിൻ്റെ ഭാഗമായി. പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് തടഞ്ഞത്.





ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ അകത്ത് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ബാരിക്കേഡുകൾ ബലം പ്രയോഗിച്ച് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർക്ക് നേരെയുള്ള ജലപീരങ്കി പ്രയോഗത്തിലും മുദ്രാവാക്യ വിളിക്കും ഡി.സി.സി അധ്യക്ഷൻ തന്നെ മുന്നിൽ നിന്നു. “പോറ്റിയെ കേറ്റിയെ” പാട്ട് ഏറ്റുപാടിയായിരുന്നു പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചത്. തുടർന്ന് മുദ്രാവാഖ്യം മുഴക്കി സ്ഥലത്ത് തുടർന്ന പ്രവർത്തകർ നേതാക്കളുടെ ഇടപെടലോടെ സമാധാനമരമായി പിരിഞ്ഞുപോയി.
