കേരളത്തിൽ ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസർകോട് 12 പേര്; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 265

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസർകോട് 12 പേര്; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 265

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 265ആയി. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 9 പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,64,130 പേരാണ് സംസ്ഥനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7965 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേപോലെ തന്നെ ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത്. ചിലയിടത്ത് തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്നവർക്ക് കസേരയും വെള്ളവും ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തി. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും. അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ അതിഥി തൊഴിലാളികളിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.

0Shares