
കാസര്‍കോട്: കൊവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ് എന്നിവരടങ്ങുന്ന ടീം കര്‍ശന പരിശോധന നടത്തും.
മംഗലാപുരം വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നതിന് തീരുമാനിച്ചു. മംഗലാപുരം വിമാനത്താവളത്തില്‍ ഒരു സ്പെഷ്യല്‍ ഓഫീസറെ ഇതിനായി നിയമിച്ചു. ഉത്സവങ്ങളിലും ആരാധാനാലയങ്ങളിലും ജില്ലാ കളക്ടറുടെ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ച അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

അതേപോലെ തന്നെ മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും. ഇവരെ പ്രത്യേക മെഡിക്കല്‍ ടീം പരിശോധിക്കും. അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കും.
രോഗലക്ഷണം ഇല്ലാത്തവരെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കാസര്‍കോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവര്‍ തലപ്പാടിയില്‍ നിന്നും സ്വകാര്യവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തലപ്പാടി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പിട്ട് നല്കണം. തുടര്‍ന്ന് അവര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പോകാം.
കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി. എസ് സാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.. എ. വി രാമദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ടി മനോജ് എ.ഡി.എം എന്‍. ദേവീദാസ് എന്നിവര്‍ പങ്കെടുത്തു.
