
ചെന്നൈ: കരൂറിൽ ദുരന്തമുണ്ടായ ടി.വി.കെ റാലിയിലേക്ക് എത്തിയത് അനുമതി ചോദിച്ചതിലും നൽകിയതിലും അഞ്ചിരട്ടിയിൽ അധികം ആളുകളെന്ന് പോലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തിൽ അധികം ആളുകൾ റാലിക്കെത്തിയതായും സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എ.ഡി.ജി.പി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടിക്ക് 500 പോലീസുകാരെ വിന്യസിച്ചിരുന്നു എന്നാണ് പോലീസ് വാദം. എന്നാൽ ഇടുങ്ങിയ റോഡിലൂടെ അമ്പതിനായിരത്തിലധികം ആളുകൾ എത്തിയത് ദുരന്തത്തിൻ്റെ വ്യാപ്ത്തി വർദ്ധിച്ചു. പ്രദേശത്ത് ഒരു ലക്ഷത്തോളം ആളുകൾ എത്തിയിട്ടുണ്ടാകും എന്നാണ് പ്രദേശവാസികൾ പറയുന്നത്.

കരൂറിൽ വിശാലമായ സ്ഥലം ഇല്ലാ എന്നതാണ് വാസ്തവം. ഉള്ള സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാൻ അനുമതി നൽകിയതിലും വിമർശനം ഉയരുന്നുണ്ട്. വിജയിയുടെ വാഹനം ഉടൻ കടന്നുപോകും എന്നാണ് പോലീസുകാർ പോലും കരുതിയത്. സംഭവത്തിൽ ടി.വി.കെ കരുതിയതിലും ആധികൾ ആളുകൾ എത്തിയതും വിജയ് എത്താൻ വൈകിയതും ദുരന്തത്തിന് കാരണമായി. രാവിലെമുതൽ സ്ഥലത്ത് സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനാവലി എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ രാത്രിവരെ കാത്തുനിന്നവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.
