
കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം എന്ന ആവശ്യവുമായി റെയിൽ പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ അഡീഷണൽ മാനേജരെ കണ്ട് ചർച്ച നടത്തി നിവേദനം നൽകി. ഉദ്യോഗസ്ഥർ അടിയന്തിര ഇടപെടൽ നടത്തണം എന്ന ആവശ്യ സംഘം മുന്നോട്ട് വെച്ചു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അടിയന്തിരമായി ആവശ്യമുള്ള ഇൻഫെർമേഷൻ സെൻറർ, റിസർവേഷൻ അഡീഷണൽ കൗണ്ടർ, പാർസൽ സർവ്വീസ് എന്നിവ പുന:സ്ഥാപിക്കുക. കോവിഡ് കാലത്ത് നിൽത്തൽ ചെയ്ത എട്ട് ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് പുന:സ്ഥാപിക്കുക. ഓവർ ബ്രിഡ്ജ്, ഫുട്ട് പാത്ത്, ഫ്ലൈഓവർ എന്നിവ നിർമ്മിക്കുക. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ടൗണിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് വരുന്ന റോഡുകൾ വികസിപ്പിച്ച് ഗതാഗത സൗകര്യം വർദ്ധിപ്പിക്കുക. പാർക്കിംഗ് ഗ്രൗണ്ട് പരമാവധി പ്രയോജനപ്പെടുത്തുക, പടിഞ്ഞാറു ഭാഗം പാർക്ക് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള വിശദമായ ചർച്ചയാണ് നടന്നത്. സംഭവത്തിൽ കാര്യങ്ങളെ കുറിച്ച് വിശദമായയി ചോദിച്ചറിഞ്ഞ പാലക്കാട് ഡിവിഷൻ അഡീഷണൽ മാനേജർ എസ് ജയകൃഷ്ണൻ, റെയിൽവെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ എ.വി.ശ്രീകുമാർ എന്നിവർ അനുകൂല നടപടിക്ക് നിർദേശം നൽകി. തങ്ങളുടെ അധികാര പരിധിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ ഉടൻ നടപടിയുണ്ടാകും എന്നാൽ മറ്റു കാര്യങ്ങളിൽ ശുപാർശയോട് കൂടി മേൽ അധികാരികളെ അറിയിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. റെയിൽ പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ മാനുവൽ കുറിച്ചിത്താനത്തിൻ്റെ നേതൃത്വത്തിലായിരുന്നു സംഘം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. ഭാരവാഹികളായ മാനുവൽ കുറിച്ചിത്താനം, അഹമ്മദ് കിർമാണി, മുഹമ്മദ് ബെസ്റ്റോ, കൂക്കൾ ബാലകൃഷ്ണൻ, ഷാഹുൽ, എന്നിവരും സംഘത്തിലുണ്ടായിരുന്നു.
