
കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്കാര വിതരണവും പോഷക മാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിവിധ പഞ്ചായത്തുകൾക്കുള്ള പുരസ്കാരവും നടന്നു. ജില്ലയിലെ ഏറ്റവും കൂടുതൽ പച്ചതുരു ത്തുകൾ തയ്യാറാക്കിയ പഞ്ചായത്തിനുള്ള പുരസ്കാര വിതരണവും മുഴുവൻ വിദ്യാലയങ്ങളിലും ഹരിത കർമ്മ സേന രൂപീകരിച്ചു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തിനുള്ള പുരസ്കാര വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബി.ഡി.ഒ പി. യൂജിനുള്ള യാത്രയയപ്പ് ചടങ്ങും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ പുരസ്കാരങ്ങൾ നൽകി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്കാരത്തിൽ ഒന്നാം സ്ഥാനം അജാനൂരും രണ്ടാം സ്ഥാനം മടിക്കൈയും മൂന്നാം സ്ഥാനം ഉദുമ പഞ്ചായത്തും നേടി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത അധ്യക്ഷത വഹിച്ചു. പോഷക മാസാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായ വിവിധ പഞ്ചായത്തുകൾക്കുള്ള പുരസ്കാര വിതരണം നടത്തുകയും ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചതു രുത്തുകള്‍ തയ്യാറാക്കിയ പഞ്ചായത്തിനുള്ള പുരസ്കാരം പള്ളിക്കര ഗ്രാമപഞ്ചായത്തും മുഴുവൻ വിദ്യാലയങ്ങളിലും ഹരിത കർമ്മ സേന രൂപീകരിച്ച മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്കാരം പുല്ലൂർ- പെരിയ പഞ്ചായത്തും നേടി. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൽ റഹിമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ.വിജയൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി തമ്പാൻ, വി. ഗീത, എ. ദാമോദരൻ, കെ വി രാജേന്ദ്രൻ, ഷക്കീല ബഷീർ, എം.ജി. പുഷ്പ, പുഷ്പ ശ്രീധർ, ബി.ഡി.ഒ പി.യൂജിൻ എന്നിവർ സംസാരിച്ചു.
