
2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണാ റണാവത്ത് കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ.
ആജ് തക് ചാനലില്‍ നടന്ന പരിപാടിയിലാണ് ആഗ്രഹം തുറന്നുപറഞ്ഞത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആഗ്രഹം. ജനം ആഗ്രഹിക്കുകയും ബി.ജെ.പി ടിക്കറ്റ് നൽകുകയും ചെയ്താൽ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ രംഗത്ത് എത്തി. അജ്തക് ചാനലിന്‍റെ ഒരു പരിപാടിയിലാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ പ്രതികരിച്ചത്. ഒരു ചോദ്യത്തിന് മറുപടിയായി ബോളിവുഡ് നടിയായ കങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും ജെ.പി നദ്ദ പ്രതികരിച്ചു.
