
ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആലപ്പുഴ നഗരസഭയിലെ സിപി.എം കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ സെല്ലിലേക്ക് പാർട്ടി ഏരിയാ കമ്മറ്റി അംഗം നൽകിയ പരാതി ജില്ലാ പൊലിസിന് കൈമാറുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി ചൈത്രാ തെരേസ ജോൺ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സെപെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ബി സാബുവിനാണ് അന്വേഷണ ചുമതല. ഷാനവാസിന്‍റെ ആസ്തികൾ, സാമ്പത്തിക ഇടപാടുകൾ, ലഹരി, ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നിവ പരിശോധിക്കും. ആലപ്പുഴ സൗത്ത് ഏരിയാ കമ്മറ്റി അംഗമാണ് പരാതിക്കാരൻ. പാർട്ടി അംഗമെന്ന നിലയിൽ തന്നെയാണ് പരാതി നൽകിയത്.

മൂന്നുദിവസം മുമ്പാണ് പുലർച്ചെ കരുനാഗപ്പള്ളി മോഡൽ സ്‌കൂളിന് സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഷാനവാസിന്‍റെ ഉടസ്ഥതയിലുള്ള ലോറിയിൽ നിന്ന് പിക് അപ് വാനിലേക്ക് ഇറക്കുകയായിരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. ആറിന് കരാറുണ്ടാക്കിയതായി പറയുന്ന ലോറി ഞായറാഴ്‌ച പുലർച്ച 2.30നാണ് പിടിയിലാകുന്നത്. ലോറി ഇടുക്കി സ്വദേശിക്ക് വാടകയ്ക്ക് നൽകിയതായാണ് ഷാനവാസ് പ്രതികരിച്ചത്.
എന്നാൽ പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പുണ്ടാക്കിയതായി പറയുന്ന വാടകക്കരാറിൽ സാക്ഷികളുടെ പേരോ ഒപ്പോ ഇല്ല. വാടകക്ക് എടുത്തതായി രേഖയിലുള്ള ജയന്‍റെ വിലാസത്തിലും വ്യത്യാസമുണ്ട്. പ്രതിമാസം 55,000 രൂപക്ക് വാടകക്ക്, രണ്ടുദിവസം മുമ്പ് മാത്രമാണ് 11 മാസത്തേക്ക് കരാറുണ്ടാക്കിയിട്ടുള്ളത്. ലഹരി വസ്തുക്കൾ കടത്തുന്നതിന് ചമച്ചതാണ് ഈ കരാറെന്ന് ആരോപണം ഉയർന്നിരുന്നു.
