
കൊച്ചി: അറുപത് ജി.എസ്.എമ്മിന് മുകളിലുളള നോൺ വോവൻ ക്യാരി ബാഗുകൾക്ക്
ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തെ നിർമാതാക്കൾക്ക് ആശ്വാസം. വൻ തുക ചെലവഴിച്ചതും ബാങ്ക് ലോൺ ഉപയോഗിച്ചുമാണ് ചെറുകിട ക്യാരി ബാഗ് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. എന്നാൽ അറുപത് ജി.എസ്.എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള നോൺ വോവൻ ക്യാരി ബാഗുകളുടെ നിരോധനം തുടരും.

സംസ്ഥാനത്തെ നോൺ വോവൻ ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞു കൊണ്ട് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അറുപത് ജി.എസ്.എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നു. കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി.എസ്.എമ്മിന് മുകളിൽ വരിക.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിലെ പ്രധാന വാദം. ഇത്തരം ക്യാരി ബാഗ് നിർമാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്.

കേന്ദ്ര നിയമ ഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജി.എസ്.എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്.
സാധാരണ കടകളിലും മറ്റും കൊടുക്കുന്ന ക്യാരി ബാഗുകളുടെ നിരോധനം തുടരും. നശിക്കുന്നില്ല എന്നത് മാത്രമല്ല പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നു എന്നതുമാണ് പ്രധാന കാരണം.
