
വൻ ചുഴലിക്കാറ്റ് ഉംപുൻ കരതൊട്ടു. കാറ്റിലും മഴയിലും ബംഗാള്‍, ഒഡീഷ, ബംഗ്ലദേശ് എന്നിവിടങ്ങളിലായി 18 പേര്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് ചുഴലി ബംഗാൾ ഉൾക്കടലിൽ നിന്നു പ്രവേശിച്ചത്.
പേമാരിയിലും കാറ്റിലും കനത്ത നാശനഷ്ടമുണ്ട്. മണിക്കൂറിൽ 160 – 190 കിലോമീറ്റർ വേഗത്തിലാണ് ചുഴലി കരയിലെത്തിയത്. വടക്ക്, വടക്കുകിഴക്കൻ ഭാഗത്തേക്കു നീങ്ങുന്ന ഉംപുൻ കൊൽക്കത്തയുടെ കിഴക്കൻ മേഖലയിലൂടെ കടന്നു പോകും.

താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു. കൊല്‍ക്കത്ത നഗരത്തിലടക്കം വൈദ്യുതിയില്ല. മരങ്ങൾ വൻതോതിൽ കടപുഴകി വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. ബംഗാളിൽ ഹൗറയിലും ഹൂഗ്ലിയിലുമാണ് കനത്ത ആഘാതമുണ്ടായത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുന്നു. ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ 6.5 ലക്ഷം പേരെയും ബംഗ്ലദേശിൽ 24 ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങൾ തീരപ്രദേശങ്ങളിൽ സജ്ജമാണ്. ഉംപുൻ ചുഴലിയുടെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
