
കാഞ്ഞിരപ്പള്ളി / കോട്ടയം: ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിത ബാധിതരായവർക്ക് ഉദാത്ത മാതൃകയുമായി സി.പി.ഐ.എം പ്രവർത്തകരുടെ സഹായ ഹസ്‌തം. കൂട്ടിക്കൽ ഉരുൾപൊട്ടലിന് തിങ്കളാഴ്‌ച രണ്ടു വർഷം തികഞ്ഞു. അതിനിടെ നിരാലംബരായ കൂട്ടിക്കൽ ടൗൺ വാർഡിലെ തേൻപുഴയിലാണ് ഒരേ മാതൃകയിലുള്ള 25 വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്.
രണ്ടുമുറികൾ, ഹാൾ, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവയടങ്ങിയതാണ് വീടുകൾ. ഒരോ വീടിനും അർഹരായവരെ നറുക്കെടുപ്പിലൂടെയാണ് തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് റോഡ് കോൺക്രീറ്റ് ചെയ്യാൻ നടപടിയായി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ തുക ഉപയോഗിച്ച് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രണ്ടു കുഴൽ കിണറുകളിൽ നിന്നും വെള്ളം പമ്പു ചെയ്‌ത് ഓവർ ഹെഡ് ടാങ്കിലെത്തിച്ച് വെള്ളമെത്തിക്കും.
സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ പാർടി അംഗങ്ങളിൽ നിന്നുമുള്ള പണം ഉപയോഗിച്ചാണ് വീട് നിർമാണത്തിനുള്ള രണ്ടേക്കർ പത്ത് സെന്റ് സ്ഥലം വാങ്ങിയത്. കോട്ടയം ജില്ലാ കമ്മിറ്റി വർഗ-ബഹുജന സംഘടനകളുടെ സഹകരണത്തോടെ ആണ് വീടുകളുടെ നിർമാണ ചെലവുകൾ കണ്ടെത്തിയത്.
വീടുകളുടെ ഔപചാരിക ഉദ്ഘാടനം ഉടൻ നടത്തുകയും വീടുകൾ ഉപഭോക്താക്കൾക്ക് താമസത്തിന് നൽകുകയും ചെയ്യും.
