പുരുഷന്മാരില്ലാത്ത വീടുകൾ കവർച്ചക്കാരുടെ ലക്ഷ്യം; ആശങ്ക പരത്തി കവർച്ചയും കൊള്ളയും, പോലീസ് നടപടി ശക്തമാക്കി

  • Post category:local news / news
  • Reading time:1 min read
You are currently viewing പുരുഷന്മാരില്ലാത്ത വീടുകൾ കവർച്ചക്കാരുടെ ലക്ഷ്യം; ആശങ്ക പരത്തി കവർച്ചയും കൊള്ളയും, പോലീസ് നടപടി ശക്തമാക്കി

കാസർകോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന കവർച്ചകളും, കവർച്ചാ ശ്രമങ്ങളും ജനങ്ങളെ ആശങ്കയിലാക്കുന്നു. കവർച്ചകൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നതും, കവർച്ചക്കാരെ പിടികൂടാൻ കഴിയാത്തതുമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഉപ്പളയിലെ കവർച്ചയ്ക്ക് പിന്നാലെ കുമ്പള ബദരിയാ നഗറിൽ കഴിഞ്ഞയാഴ്‌ച സമാനമായ കവർച്ചാശ്രമം നടന്നിരുന്നു. ഇത് പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് തിങ്കളാഴ്ച രാവിലെ 11മണിയോടെ ഇതേ പ്രദേശത്തെ ഗൾഫിലുള്ള ഇർഷാദ് -സുലൈമാൻ്റെ വീട്ടിൽ കവർച്ച നടന്നത്.

ഭാര്യ സൗലത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ സ്വർണ്ണമാണ് പട്ടാപകൽ ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. വീട്ടുകാർ ബഹളം വെച്ചപ്പോൾ ആൾട്ടോ കാറിൽ കയറി രക്ഷപെടുകയായിരുന്നു. പുരുഷന്മാരില്ലാത്ത വീടുകളാണ് കവർച്ചക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ഈ രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നുമുണ്ട്.

കുമ്പള പോലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്‌ച നടന്ന കവർച്ചാശ്രമത്തിൽ സി.സി.ടി.വി പരിശോധിച്ചിരുന്നു. കവർച്ചക്കാർ രക്ഷപെട്ടതിൻ്റെ നേരിയ സൂചനകൾ ഇതിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. മഴക്കാലം എത്തിയതോടെ അന്യ സംസ്ഥാന കവർച്ചാ സംഘങ്ങളും കേരളത്തിൽ എത്തിയതായി സംശയിക്കുന്നു. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സുരക്ഷാ ഉറപ്പാക്കുകയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

0Shares