ദിലീപിന് പണി വരിക ഉത്തര്‍പ്രദേശില്‍ നിന്നാകും; അതിജീവിതയ്ക്ക് സഹായകരമാവുക സാക്രി വാസു കേസ്, ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ദിലീപിന് പണി വരിക ഉത്തര്‍പ്രദേശില്‍ നിന്നാകും; അതിജീവിതയ്ക്ക് സഹായകരമാവുക സാക്രി വാസു കേസ്, ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും

തിരുവനന്തപുരം: കേസന്വേഷണം അട്ടിമറിക്കാന്‍ ഭരണമുന്നണിയിലെ ഉന്നത നേതൃത്വം ഇടപെട്ടെന്ന, ആക്രമിക്കപ്പെട്ട നടിയുടെ ആരോപണം ഇടതുമുന്നണിക്കും സര്‍ക്കാരിനും രാഷ്ട്രീയ വെല്ലുവിളിയുയര്‍ത്തുന്നു. തിങ്കളാഴ്‌ച നടി ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ദിലീപിൻ്റെ അഭിഭാഷകരിലേക്ക് കേസെത്താതിരിക്കാന്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായിയെന്നും കേസ് പാതിവഴിക്ക് അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് ഉന്നത രാഷ്ട്രീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നുമുള്ള ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സാക്രിവാസുവും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മിലെ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌ ഇത്തരമൊരു റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും. അന്വേഷണത്തില്‍ നേരിട്ട് ഇടപെടാനാകില്ല.

കേസ് അട്ടിമറിക്കുന്നതില്‍ പ്രതിയുടെ അഭിഭാഷകര്‍ക്കുള്ള പങ്ക് കണ്ടെത്തുന്നതിന് അന്വേഷണസംഘം സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അതിലെ മുതിര്‍ന്ന അഭിഭാഷകന് ഭരിക്കുന്ന സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ളതിനാല്‍ വിജയം കണ്ടില്ല, കേസിൻ്റെ തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന ഉറപ്പ് ഉന്നത രാഷ്ട്രീയ നേതൃത്വം നല്‍കിക്കഴിഞ്ഞു എന്നീ ആരോപണങ്ങളും ഹര്‍ജിയിലുണ്ട്.

സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സുരക്ഷ, വനിതാശാക്തീകരണം മുതലായ വിഷയങ്ങളില്‍ ഉറച്ച നിലപാട് എന്നതായിരുന്നു 2016ല്‍ അധികാരമേറ്റപ്പോള്‍ മുതല്‍ ഇടതുമുന്നണി മുന്നോട്ടു വയ്ക്കുന്നത്. നടിയെ ആക്രമിച്ച കേസിൻ്റെ തുടക്കത്തില്‍ കൈക്കൊണ്ട ഉറച്ച നിലപാടുകള്‍ ഇടതുമുന്നണിക്കും സര്‍ക്കാരിനും മികച്ച പ്രതിച്ഛായ നേടിക്കൊടുത്തിരുന്നു. എന്നാൽ അതിജീവിതയുടെ പരാതിയെന്ന നിലയ്ക്ക് വിഷയം രാഷ്ട്രീയായുധമാക്കി ആഞ്ഞടിക്കാന്‍ തന്നെയാണ് പ്രതിപക്ഷ നീക്കം. ഹൈക്കോടതിയുടെ തുടര്‍നടപടികളിലേക്കും അവര്‍ ഉറ്റുനോക്കുന്നുണ്ട്.

0Shares