
മുംബൈ: അറബിക്കടലിലെ ഒ.എന്‍.ജി.സിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കടലില്‍ വീണു.
രണ്ട് പൈലറ്റുമാര്‍ അടക്കം ഒന്‍പത് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയതായും വെള്ളത്തില്‍ വീണ മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അറിയിച്ചു.

മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് സംഭവം. ഒ.എന്‍.ജി.സിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണത്. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റര്‍ വീണത്.
ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഹെലികോപ്റ്ററില്‍ ആറ് ഒ.എന്‍.ജി.സി ജീവനക്കാരും ഒ.എന്‍.ജി.സിയ്ക്ക് വേണ്ടി കോണ്‍ട്രാക്‌ട് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. അപകടത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഓയില്‍ റിഗ്ഗിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാദൗത്യം.
