ചരിത്രം തിരുത്തി ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതകള്‍ ഇവരാണ്

You are currently viewing ചരിത്രം തിരുത്തി ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതകള്‍ ഇവരാണ്

കൊഹിമ: നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിയ വിജയം നേടി ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധികളാണ് ഇരുവരും. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) സ്ഥാനാര്‍ഥികളായ ഹെകാനി ജഖാലു ദിമാപൂര്‍ മൂന്നില്‍ നിന്നും സല്‍ഹൗതുവോനുവോ ക്രൂസെയും വെസ്റ്റ് അംഗമിയില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വാശിയേറിയ തെരഞ്ഞെടുപ്പില്‍ 1,536 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഹെകാനി ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) സ്ഥാനാര്‍ഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയത്.

ഹെകാനി ജഖാലുവും, സല്‍ഹൗതുവോനുവോ ക്രൂസെയും

48കാരിയായ ഹെകാനി അഭിഭാഷകയും സമൂഹ്യ പ്രവര്‍ത്തകയുമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി കെനീസാഖോ നഖ്രോയെ ഏഴ് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സല്‍ഹൗതുവോനുവോ ക്രൂസെ പരാജയപ്പെടുത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പിലെ 183 സ്ഥാനാര്‍ഥികളില്‍ നാല് വനിതകള്‍ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. ഹെകാനി ജഖാലുവും സല്‍ഹൗതുവോനുവോ ക്രൂസെയും കൂടാതെ ടെനിങ്ങില്‍ കോണ്‍ഗ്രസിൻ്റെ റോസി തോംപ്‌സണ്‍, വെസ്റ്റ് അംഗമിയില്‍ എന്‍.ഡി.പി.പിയുടെ സല്‍ഹൗതുവോനുവോ, അതോയ്ജു സീറ്റില്‍ ബി.ജെ.പിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകള്‍.

സംസ്ഥാന പദവി നേടി 60 വര്‍ഷം കഴിഞ്ഞിട്ടും നാഗാലാന്‍ഡ് നിയമസഭയിലേക്ക് ഒരു വനിതയെ തെരഞ്ഞെടുത്തിരുന്നില്ല. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ പുരുഷന്മാരെക്കാള്‍ (6.52 ലക്ഷം) കൂടുതല്‍ വനിതകളാണ് (6.55 ലക്ഷം). അതിനാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു വനിതകളില്‍ ആരാകും ചരിത്രം സൃഷ്ടിക്കുക എന്ന ആകാംക്ഷയിലായിരുന്നു നാഗാലാന്‍ഡിലെ ജനങ്ങള്‍.

റാണോ മെസെ ഷാസിയ, എസ്. ഫാങ്നോണ്‍ കൊന്യാക്

1977ല്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാന്‍ഡില്‍ നിന്ന് പാര്‍ലമെന്‍റിലെത്തിയ ആദ്യ വനിത. ലോക്സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. 2022ല്‍ സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗമായി ബി.ജെ.പിയുടെ എസ്.ഫാങ്നോണ്‍ കൊന്യാകിനെ നാമനിര്‍ദേശം ചെയ്തിരുന്നു.

0Shares