
കാസർകോട് : ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നിർദേശം നൽകി. ശക്തമായ കാറ്റിനെ തുടർന്നുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ മുൻ കൂട്ടി കണ്ട് ആവശ്യമായ തയ്യറെടുപ്പുകൾ കൈക്കൊള്ളണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ തുടങ്ങിയവ അടിയന്തരമായി അപകട സാധ്യത ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധകൾ നടത്താൻ സംസ്ഥാന വൈദ്യുതി ബോർഡിന് നിർദേശം നൽകി. 24×7 മണിക്കൂറും KSEB കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കേണ്ടതും അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രവർത്തിപ്പിക്കേണ്ടതുമാആണെന്ന് കലക്ടർ പറഞ്ഞു.

നിലവിലെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2023 ൽ വൾനറബിൾ ഗ്രൂപ്പ് (Vulnerable Group) എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കുന്നതാണ്. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24×7 മണിക്കൂറും പ്രവർത്തിക്കണം. ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ട് ആക്കി നിർത്തേണ്ടതാണ്. സിവിൽ ഡിഫൻസ്, ആപ്ദമിത്ര, സന്നദ്ധ സേന വോളന്റീർമാരുടെ സേവനം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച പ്രളയ ആവർത്തന സാധ്യത ഭൂപടങ്ങൾ https://sdma.kerala.gov.in/hazard-maps/ എന്ന ലിങ്കിൽ ലഭ്യമാണ്. പെയ്ത മഴയുടെ തോത്, അടുത്ത ദിവസങ്ങളിലെ ഫോർകാസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഇവ ഉപയോഗപ്പെടുത്തി ആളുകളെ മാറ്റി താമസിപ്പിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളണം. കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
