
തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തില്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള പാര്‍ട്ടിയാണ് എല്‍.ഡി.എഫ് എന്നും ഹരീഷ് പേരടി പരിഹസിച്ചു.
കൂടാതെ നടിയെ ആക്രമിച്ച കേസ് പൊതുമുഖത്തേക്കെത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് പി.ടി.തോമസെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കര്‍ദിനാള്‍ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാര്‍ സഭ പറഞ്ഞു. സ്ഥാപിത താല്‍പ്പര്യക്കാരുടെ പ്രചാരണങ്ങള്‍ക്ക് യഥാര്‍ത്ഥ വസ്തുതയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം രാഷ്ട്രീയ കാര്യങ്ങളില്‍ സിറോ മലബാര്‍ സഭ ഇടപെടേണ്ട കാര്യമില്ലെന്നും അവര്‍ വിശദീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
അയാള്‍ സഭയുടെ കുട്ടിയാണ്… സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും… പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും.. തൃക്കാക്കരയില്‍ മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗീയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍.. സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടിയോടുള്ള സ്‌നേഹം കൊണ്ട് ഉമ യു.ഡി.എഫിൻ്റെ സ്ഥാനാര്‍ഥിയാകുമ്പോള്‍ അത് യഥാര്‍ഥ ഹൃദയപക്ഷമാകുന്നു…
എന്തിനേറെ.. നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല… നമുക്ക് അറിയാനുള്ളത് ഇത്രമാത്രം.. കുറുക്കൻ്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം.
