
ചട്ടഞ്ചാൽ / കാസർകോട്: സംസ്ഥാന പാത ചെമ്മനാട് റോഡരികിൽ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇൻവർട്ടർ സോളാർ ബാറ്ററികൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തി കൊണ്ടു പോകാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ മേല്പറമ്പ പോലീസ് പിടികൂടി അറസ്റ്റ് ചെയ്‌തു. ഓട്ടോഡ്രൈവറായ മാക്കോട്, കൂവത്തൊട്ടി, കളനാട് അബ്ദുൾ മൻസൂർ ടി.എ (41), ചെമ്മനാട്, ചളിയംകോട്ടെ അബ്ദുൾ കാദർ അഫീക് (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച KL14 H 8430 നമ്പർ ഓട്ടോറിക്ഷയും രണ്ട് വലിയ ലൂമിനസ് സോളാർ ബാറ്ററികളും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം അർദ്ധരാത്രി ചെമ്മനാട് ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ മേല്പറമ്പ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ഉത്തംദാസ്, എസ്.ഐ കെ.അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
വാഹന പരിശോധനക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്നു പിടികൂടി പരിശോധിച്ചപ്പോൾ പിൻസിറ്റിൽ രണ്ട് വലിയ ഇൻവർട്ടർ സോളാർ ബാറ്ററികൾ കണ്ടു. തെരുവ് വിളക്കിലെ ഇൻവർട്ടർ ബാറ്ററികൾ മോഷ്ടിച്ച് കടത്തി കൊണ്ട് പോകുന്ന ഡ്രൈവറെയും യാത്രക്കാരനെയും വിശദമായി പോലീസ് ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു.
ഹൊസ്‌ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്‌തിട്ടുണ്ട്.
സർക്കാരിൻ്റെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതിയിൽ സ്ഥാപിച്ച സോളാർ ബാറ്ററികൾ നേരത്തേയും ഇത്തരത്തിൽ മോഷണം നടന്നിട്ടുള്ളതിനാൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മോഷ്ടാക്കളെ പിടികൂടിയ പോലീസ് സംഘത്തിൽ മേല്പറമ്പ സി.ഐ ടി.ഉത്തംദാസ്, എസ്.ഐ കെ.അനുരൂപ്, ഗ്രേഡ് എസ്.ഐ ശശിധരൻ പിള്ള, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അജിത്കുമാർ.ടി, പ്രദീഷ് കുമാർ പി.എം, ഉണ്ണികൃഷ്ണൻ.സി, വിനീഷ്, സക്കറിയ എന്നിവരും ഉണ്ടായിരുന്നു.
