
കാസര്‍കോട്: റോഡരികിലുള്ള പഴയ കടമുറിയിൽ കഴിഞ്ഞ സുബൈദയ്ക്കും അബ്ദുൽ സലീമിനും ലൈഫ് പദ്ധതിയിൽ കിടപ്പാടമായി. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികളുമായി പാതയോരത്ത് കഴിഞ്ഞിരുന്ന കുടുംബത്തിന്‍റെ സ്വപ്നം പൂവണിഞ്ഞപ്പോൾ സന്തോഷത്തിൽ പങ്കുചേരാൻ എം. രാജഗോപാലൻ എം.എൽ.എയുമെത്തി.

ചെറുവത്തൂർ പഞ്ചായത്ത് 13-ാം വാർഡ് കുഴിഞ്ഞടിയിലാണ് ഇവർക്ക് ലൈഫ് പദ്ധതിയിൽ വീടൊരുങ്ങിയത്. മൂന്ന് സെന്റ് സ്ഥലം വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിലൂടെ 26190 രൂപയുമായി 6,26,190 രൂപ പഞ്ചായത്തിൽ നിന്നും നൽകിയെന്ന് വി.ഇ.ഒ കെ. സരിത പറഞ്ഞു.
തീവണ്ടികളിൽ ചായ വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന കുടുംബം കോവിഡ് പ്രതിസന്ധിക്കാലത്ത് വലിയ ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോൾ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചാണ് അബ്ദുൽ സലീം കുടുംബം നോക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 22 പേർക്ക് വീട് വെക്കാൻ സ്ഥലം വാങ്ങി ഭവന നിർമ്മാണം ആരംഭിക്കുകയും അതിൽ 15 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. അവയിൽ ആദ്യം പൂർത്തിയായത് സുബൈദയുടേയും അബ്ദുൽ സലീമിന്‍റെയും വീടാണ്. ചെറുവത്തൂർ പഞ്ചായത്ത് നടത്തിയ താക്കോൽ ദാന ചടങ്ങിന് വേദിയായത് ഈ കുടുംബത്തിന്‍റെ സ്വപ്ന ഭവനമാണ്.
