
പാലക്കാട്: അട്ടപ്പാടി മധു കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. വ്യാഴാഴ്‌ച വിസ്തരിച്ച നാലുപേരാണ് കൂറുമാറിയത്. മനാഫ്, മണികണ്ഠൻ, രഞ്ജിത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കൂറുമാറുന്നവരുടെ എണ്ണം 20 ആയി. വിസ്താരം വെള്ളിയാഴ്‌ചയും തുടരും.
നാടകീയ സംഭവങ്ങളാണ് വിചാരണ കോടതിയിൽ വിസ്താരത്തിനിടെ അരങ്ങേറിയത്. ബുധനാഴ്‌ച കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയെ വീണ്ടും വിസ്തരിച്ചു. കാഴ്‌ചശക്തി പരിശോധനക്ക് ശേഷം വീണ്ടും വിസ്തരിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്‌ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവർത്തിച്ചതോടെ ആണ് കാഴ്‌ച പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. പരിശോധനയിൽ ഇയാൾക്ക് കാഴ്‌ച പരിമിതിയില്ലെന്ന് വ്യക്തമായതോടെ ആണ് വീണ്ടും വിസ്തരിക്കാൻ ഉത്തരവിട്ടത്.
വിചാരണക്കോടതി വീണ്ടും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ആദ്യം നിഷേധിച്ച സുനിൽ കുമാർ ദൃശ്യങ്ങളിലുള്ളത് താനാണെന്ന് പിന്നീട് സമ്മതിച്ചു. സാക്ഷിക്കെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ്റെ വാദം വെള്ളിയാഴ്‌ച പരിഗണിക്കും.
