Categories
channelrb special Kerala local news trending

നാരംപാടിയിൽ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം; നാട്ടുകാരുടെ സംയോജിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം

ബദിയടുക്ക: ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടിയിൽ തീപിടുത്തം. വെള്ളിയാഴ്ച്ച വൈകിട്ട് 4:30 മണിയോടെയാണ് സംഭവം. കാരമൂലയിലെ കെ.എം ഇബ്രാഹിം, ഭാര്യ ബീഫാത്തിമ എന്നിവരുടെ ഉടമസ്ഥതയിലുള്ള 4 എക്കറോളം വരുന്ന സ്ഥലമാണ് കത്തിനശിച്ചത്. കാസർകോട് നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിന് ഒടുവിൽ തീ നിയന്ത്രണ വിദേയമാക്കിയത്. സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ കത്തിനശിച്ചു. കൂടാതെ 2 വർഷവും 3 വർഷവും പ്രായമായ ആയിരത്തിൽ അധികം മഹാഗണി മരതൈകളും കശുമാവിൻ തൈകളും കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു. ചില സാമൂഹിക ദ്രോഹികൾ മനഃപൂർവ്വം തീ ഇട്ടതാകാം എന്നാണ് കണക്കാക്കുന്നത്. മുൻവർഷങ്ങളിലും ഇവിടം തീ പിടിത്തമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മാത്രം 3 തവണ തീ പിടിത്തമുണ്ടായതിൽ അന്ന് തന്നെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ നടന്ന തീപിടത്തം കരുതിക്കൂട്ടി ഇട്ടതാകാം എന്ന സംശയം ബലപ്പെടുകയാണ്. കാരണം ആസമയം അതുവഴി ഒരു വാഹനം വന്നു പോകുന്ന ശബ്ദം പരിസര വാസികൾ കേട്ടിരുന്നു. നിരന്തരം വാഹനം കടന്നു പോകാത്ത റോഡിൽ തീപിടിത്തം ഉണ്ടായ സമയം വന്നുപോയ വാഹനം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തമായതിനാൽ കുറ്റക്കാരെ കണ്ടെത്തുന്നതിന് വേണ്ടി പോലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

പരിസരത്തുള്ള വീടുകളിലേക്കും മറ്റു കൃഷി ഭൂമിയിലേക്കും തീ പടരാതിരിക്കാൻ നാട്ടുകാർ കാണിച്ച സമയോചിത ഇടപെടലിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പ്രശംസിച്ചു. കാസർഗോഡ് അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ഓഫീസറായ സുകുവിൻ്റെ നേതൃത്വത്തിൽ ഫയർമാന്മാരായ പ്രജിത്ത്, അജീഷ്, സതീഷ്, എൽബി, അനുശ്രീ, കൃഷ്ണൻ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തോട് ചേർന്നുകിടക്കുന്ന 20 ഏക്കറോളം വരുന്ന സ്ഥലം കത്തിനശിച്ചിരുന്നു. കോഴി ഫോമിനോട് ചേർന്ന് ചുറ്റുമുള്ള പ്രദേശമാണ് കത്തിനശിച്ചത്. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് തീ അണച്ചത്. ആ സംഭവത്തിലും സംശയം ബലപ്പെടുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *