
ഐ.എ.എസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് കൊൽക്കത്തിൽ വ്യാജ വാക്‌സിനേഷൻ ക്യാംപ് നടത്തിയയാൾ അറസ്റ്റിൽ. തൃണമൂൽ എം.പി മിമി ചക്രബർത്തി ഉൾപ്പെടെ നൂറുകണക്കിനു ആളുകൾക്കായി വാക്സിനേഷൻ ക്യാംപ് നടത്തിയ ദേബൻജൻ ദേവ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വാക്സീൻ എടുത്തതിനുശേഷം ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാതിരുന്നതോടെയാണു മിമി ചക്രവർത്തി എം.പി പൊലീസിൽ പരാതി നൽകിയത്.

ദേബൻജൻ ദേവ് ദക്ഷിണകൊൽക്കത്തയിൽ നടത്തിയ വാക്സിനേഷൻ ക്യാംപിൽ മുഖ്യാതിഥിയായാണ് നടിയും എം.പിയുമായ മിമി ചക്രവർത്തി പങ്കെടുത്തത്. പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആളുകൾക്കു നൽകിയ വാക്സീൻ വ്യാജമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയാണ് ദേബൻജൻ എം.പിയെ ക്യാംപിലേക്കു ക്ഷണിച്ചത്. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനാണു ക്യാംപ് സംഘടിപ്പിക്കുന്നതെന്നും ട്രാൻസ്ജെൻഡർമാർക്കും ഭിന്നശേഷിക്കാർക്കും വാക്സീൻ നൽകുകയെന്ന പ്രത്യേക ദൗത്യത്തിലാണെന്നും ദേബൻജൻ എം.പിയോടു പറഞ്ഞു.
വാക്സീനെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനാണ് ക്യാംപിന് എത്തിയതെന്നും കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചുവെന്നും എം.പി പറഞ്ഞു. എന്നാൽ കോവിൻ പോർട്ടലിൽനിന്നു സ്ഥിരീകരണം ലഭിക്കാതിരുന്നതോടെയായിരുന്നു സംശയം തോന്നിയത്. വാക്സീൻ എടുക്കാൻ വന്ന ആരിൽനിന്നും ആധാർ വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ല. തുടർന്ന് എം.പി പൊലീസിൽ പരാതി നൽകിയതോടെ ദേബൻജൻ ദേവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
