
മെയ് 12ന് നടന്ന സി.പി.എം സൈബർ പോരാളി ആയിരുന്ന ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിൽ സി.പി.എം നിർദ്ദേശം ലംഘിച്ചു പങ്കെടുത്ത് ഡി.വൈ.എഫ്.ഐ നേതാക്കൾ. യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി കണ്ണുർ വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകനെയാണ് വിവാഹം കഴിച്ചത്.
സി.പി.എം കാരോട് വിവാഹത്തിന് പോകരുതെന്ന നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, പി.ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിലും കാസർകോട്, മഞ്ചേശ്വരം മേഖലയിലെ ഡി. വൈ. എഫ്.ഐ നേതാക്കൾ സജീവമായി കല്യണത്തിന് പങ്കെടുത്ത ഫോട്ടോകൾ പുറത്തു വന്നു.

ഡി.വൈ.എഫ്. ഐ ബായാർ മേഖല സെക്രട്ടറി സക്കറിയ ബയർ കല്യണത്തിന് പങ്കെടുത്ത ഫോട്ടോകളാണ് പുറത്തു വന്നത്. ഇത് മേഖലയിലെ യു. ഡി. എഫ് പ്രവർത്തകർ വ്യാപകമായി സോഷ്യൽ മീഡയയിൽ ഷെയർ ചെയ്യുന്നുണ്ട്. വ്യക്തിപരമായ സൗഹൃദത്തിൻ്റെ പേരിലാണ് കല്യാണത്തിന് പങ്കെടുത്തതെന്നും, വിവാഹത്തിൽ പങ്കെടുക്കുന്നതിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും സക്കറിയ പ്രതികരിച്ചു.
ഇതുപോലെയുള്ള കാര്യങ്ങൾ വിവാദമാകുന്നവർ വിവാഹം പോലുള്ള ചടങ്ങുകൾ രാഷ്ടീയ വിവാദത്തിൻ്റെ വേദിയല്ല തിരിച്ചറിയാനുള്ള പക്വത കാണിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ആകാശിൻ്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്‌സും സി.പി.എം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു . ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡി.വൈ.എഫ്.ഐയുമായി അകൽച്ചയിലാണ്. പാർട്ടിയെയും സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സി.പി.എം ജില്ലാ നേതൃത്വവും ഡി.വൈ.എഫ്.ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു.
