“ജാഗ്രതേ” കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പുകൾ നൽകരുത്; മധ്യപ്രദേശിൽ കുട്ടികൾ മരിച്ച സംഭവത്തിലാണ് നടപടി; കേരളത്തിൽ പരിശോധന തുടരുന്നു; 170 ബോട്ടിലുകൾ കണ്ടെടുത്തു; കൂടുതൽ അറിയാം..

You are currently viewing “ജാഗ്രതേ” കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പുകൾ നൽകരുത്; മധ്യപ്രദേശിൽ കുട്ടികൾ മരിച്ച സംഭവത്തിലാണ് നടപടി; കേരളത്തിൽ പരിശോധന തുടരുന്നു; 170 ബോട്ടിലുകൾ കണ്ടെടുത്തു; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത് എന്ന് മെഡിക്കൽ സ്റ്റോറുകൾക്കാണ് നിർദ്ദേശം നൽകിയത്. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകൾ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജാഗ്രത കടുപ്പിക്കുകയാണ് കേരളവും. കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് മരുന്ന് വ്യാപാരികൾക്കും ഫാർമിസിസ്റ്റുകൾക്കും ഡ്രഗ് കൺട്രോളർ സർക്കുലർ നൽകിയിട്ടുള്ളത്.

2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കായോ ജലദോഷത്തിനായോ കഫ് സിറപ്പുകൾ നൽകരുത്. ഒന്നിലധികം മരുന്ന് ചേരുവകൾ ചേർത്തിട്ടുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണം. ഇത്തരം മരുന്ന് കുറിപ്പടികൾ വന്നാൽ മരുന്ന് നൽകേണ്ടതില്ലെന്നും നിർദ്ദേശം ഉണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകേണ്ടി വന്നാൽ ഡോസേജിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണം. അംഗീകൃത നിർമാതാക്കളുടെ മരുന്ന് മാത്രമേ വിൽക്കാവൂ. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിറ്റാൽ കർശന നടപടി ഉണ്ടാകുമെന്നും മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് ഉണ്ട്.

അപകടമുണ്ടാക്കിയ മരുന്ന് കമ്പനിയുടെ SR 13 ബാച്ചിൽ പെടുന്ന കോൾഡ്രിഫ് കഫ് സിറപ്പ് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് നിഗമനം. സംസ്ഥാനത്ത് ഈ ബ്രാൻഡിൻ്റെ വിൽപ്പന തന്നെ ഡ്രഗ് കൺട്രോളർ നിരോധിച്ചിട്ടുണ്ട്. ഈ കഫ് സിറപ്പിൻ്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും. കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന മറ്റ് ബ്രാൻഡുകളുടെ സാമ്പിളുകളും ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമേ കേരളത്തിൽ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുന്നുണ്ട്.

0Shares