
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട മുൻമന്ത്രി ഇ.പി ജയരാജന് കോടതിയിൽ നിന്ന് തിരിച്ചടി. സംഭവത്തിൽ ജയരാജനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അടക്കമുള്ളവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം.
വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലെനി തോമസിൻ്റെതാണ് ഉത്തരവ്. വലിയതുറ പൊലീസിനാണ് നിർദേശം നൽകിയത്.

ഇ.പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി.എം എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാൽ ആണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇ.പി ജയരാജന്‍ പ്രതികരിച്ചത്:
തെറ്റ് ചെയ്യാത്തതിനാല്‍ കോടതി നടപടികളെ ഭയപ്പെടുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കേസെടുത്തത് സ്വാഭാവിക നടപടിയാണ്. മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി കിട്ടിയാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാന്‍ പൊലീസിനെ നിയോഗിക്കുന്നതും അതിൻ്റെ ഭാഗമാണ്. എനിക്ക് തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.
സുധാകരനും വി.ഡി സതീശനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് ‘കുഞ്ഞ്’ എന്ന് വി.ഡി സതീശന്‍ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വി.ഡി സതീശനും സുധാകരനുമെതിരെ ഡി.വൈ.എഫ്.ഐ പരാതി നല്‍കും.
ഒരു പരാതി കോടതിയില്‍ വന്നു അതിനനുസരിച്ച് ഉത്തരവാദിത്തം കോടതി ചെയ്യുന്നു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. കോണ്‍ഗ്രസ് ഐ ക്കാര്‍ നിരാശരാണ് അതിൻ്റെ ഭാഗമാണ് നടപടികളെന്നും ജയരാജന്‍ പരിഹസിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
