Trending News





ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം കാരണം രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്നും ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ). രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിതമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. അടച്ചിടലിനെത്തുടര്‍ന്ന് തൊഴിലില്ലായ്മ മൂന്നിരട്ടിയായതായി ‘സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി’യുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.
Also Read
ആഗോളതലത്തില്‍ 19.5 കോടി മുഴുവന്‍സമയ ജോലികള്‍ ഇല്ലാതാവുമെന്നാണ് യു.എന്നിനു കീഴിലുള്ള ഐ.എല്‍.ഒ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂലായ് മുതലുള്ള രണ്ടാംപാദത്തില്‍ ആഗോളതലത്തില്‍ 6.7 ശതമാനം ജോലിസമയം ഇല്ലാതാകും. അതായത്, 19.5 കോടി മുഴുവന്‍സമയ ജോലികള്‍ ഇല്ലാതാവും. ഇന്ത്യയില്‍ 22 ശതമാനം പേര്‍ മാത്രമാണ് സ്ഥിരം ശമ്പളമുള്ള ജോലികള്‍ ചെയ്യുന്നത്. ബാക്കി 78 ശതമാനവും അസ്ഥിരവരുമാനക്കാരാണ്. മാത്രവുമല്ല, രാജ്യത്തെ 76 ശതമാനംപേരും എപ്പോള്‍ വേണമെങ്കില്‍ നഷ്ടപ്പെടാവുന്ന തൊഴിലുകള്‍ ചെയ്യുന്നവരാണെന്നും ഐ.എല്‍.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ബാധിക്കുമെന്നതിനാല്‍ ഒന്നിച്ചുള്ള അതിവേഗത്തിലുള്ള നടപടികള്‍ വേണ്ടിവരുമെന്ന് ഐ.എല്‍.ഒ. ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു. ഒരുരാജ്യം പരാജയപ്പെട്ടാല്‍ അത് എല്ലാവരുടെയും പരാജയമാകും. ആഗോളതലത്തില്‍ അഞ്ചില്‍ നാലുപേരുടെയും (81 ശതമാനം) തൊഴില്‍സ്ഥലങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്. ലോകത്ത് 200 കോടിയാളുകള്‍ അസംഘടിത (അനൗപചാരിക) മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഇവരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.
ഇന്ത്യ, നൈജീരിയ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പ്രതിസന്ധി ബാധിക്കാന്‍ പോകുന്നത് എന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. അറബ് മേഖലയില്‍ 8.1 ശതമാനവും (50 ലക്ഷം തൊഴിലുകള്‍) യൂറോപ്പില്‍ 7.8 ശതമാനവും (1.2 കോടി) ഏഷ്യ-പസഫിക് മേഖലയില്‍ 7.2 ശതമാനവും (12.5 കോടി) ജോലികള്‍ ഇല്ലാതാവും. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഭക്ഷ്യസേവനം, നിര്‍മാണം, ചില്ലറവില്‍പ്പന, ബിസിനസ്-അഡ്‌മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളെയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തൊഴിലില്ലായ്മ മൂന്നുമടങ്ങു വര്‍ധിച്ചതായി ‘സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി’യുടെ കണക്കുകളും പറയുന്നു. മാര്‍ച്ച് 29-ന് അവസാനിച്ച ആഴ്ചയില്‍ നഗരമേഖലകളില്‍ തൊഴിലില്ലായ്മ 30 ശതമാനമാണു കൂടിയത്. മാര്‍ച്ച് 22-ന് അവസാനിച്ച ആഴ്ച തൊഴിലില്ലായ്മ 8.7 ശതമാനം മാത്രമായിരുന്നു.
ഗ്രാമീണമേഖലയില്‍ ഇതേ കാലയളവില്‍ യഥാക്രമം 21 ശതമാനവും 8.3 ശതമാനവുമാണ് തൊഴിലില്ലായ്മ. മൊത്തത്തിലുള്ള തൊഴിലില്ലായ്മ 8.4 ശതമാനത്തില്‍നിന്ന് 23.8 ശതമാനമായി. ഏപ്രില്‍ അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ നഗരമേഖലയില്‍ 30.9 ശതമാനവും ഗ്രാമീണമേഖലയില്‍ 20.2 ശതമാനവും മൊത്തത്തില്‍ 23.4 ശതമാനവുമാണ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്.

Sorry, there was a YouTube error.