
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതി. വനിത ഡോക്ടറെ ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിത ഡോക്ടർ ഫേസ്ബുക്കിലാണ് ദുരനുഭവം പങ്കുവെച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
2019 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ആ സമയത്ത് ഹൗസ്‍സർജൻസി ഇൻ്റെൺഷിപ്പ് ചെയ്യുകയായിരുന്നു വനിത ഡോക്ടർ. അന്ന് വൈകിട്ട് ഏഴുമണിയോടെ വനിത ഡോക്ടറെ തൻ്റെ ക്വാർട്ടേഴ്‌സിന് സമീപത്തെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ബലമായി ശരീരത്തിൽ സ്‌പർശിക്കുകയും മുഖത്ത് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഇതുസംബന്ധിച്ച് പിറ്റേദിവസം തന്നെ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
ഇൻ്റെൺഷിപ്പുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാൽ, ഡോക്ടറുടെ ഇടപെടലുണ്ടാകുമെന്ന് പേടിച്ച് പരാതിയുമായി മുന്നോട്ട് പോയില്ലെന്നും വനിതാ ഡോക്ടർ പറയുന്നു.

2023ൽ പരാതിയിൽ പറയുന്ന ഡോക്ടർ ജനറൽ ആശുപത്രിയിൽ നിന്ന് ട്രാൻസ്‌ഫറായി പോവുകയും അയാൾക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ പോവുന്നു എന്ന സാഹചര്യത്തിലാണ് വീണ്ടും വനിത ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്. ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിലാണ് പരാതിയിൽ പറയുന്ന മുതിർന്ന ഡോക്ടർ ജോലി ചെയ്യുന്നത്.
അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം
മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹ മാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്.
ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചു വച്ചോയെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.
