
കാസറഗോഡ്: ചെമ്പരിക്ക – മംഗലാപുരം ഖാളി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരാന്വേഷണം അനിവാര്യമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം ബഷീർ റസ്വി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും പ്രശസ്ത പണ്ഡിതനുമായ സി.എം. അബ്ദുല്ല മൗലവിയുടെ മരണം നടന്ന് 15 വര്ഷം പിന്നിട്ടു. ദുരൂഹ സാഹചര്യത്തിലാണ് ചെമ്പരിക്ക കടപ്പുറത്ത് മൃതദേഹം കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്നത് പകൽ പോലെ വ്യക്തമാണ്. എന്നാൽ അന്വേഷണ ഏജൻസികളുടെ വാദം ശരിയല്ല. കേസിൽ ആദ്യം മുതൽ പോലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നീട് ഒരു സുപ്രഭാതത്തിൽ കുടുംബമോ നാട്ടുകാരോ ആവശ്യപ്പെടാതെ കേസ് സി.ബി.ഐക്ക് കൈമാറുകയാണുണ്ടായത്. സി.ബി.ഐ ആത്മഹത്യ എന്നനിലയിൽ കേസിനെ അട്ടിമറിച്ചു എന്നാണ് സംശയിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികളെ പിടികൂടും എന്ന ഘട്ടത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. സി.ബി.ഐ അന്വേഷണത്തിൽ ആദ്യ സംഘം പ്രതികളിലേക്ക് എത്തുന്ന ഘട്ടം അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാറ്റി കേസ് അട്ടിമറിക്കുകയാണുണ്ടായത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ആയതിനാൽ പുനരാന്വേഷണം അനിവാര്യമാണെന്നും പി.ഡി.പി നേതാവ് എസ്.എം ബഷീർ പറഞ്ഞു.

സി.ഐ.സി സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരി നടത്തിയ പ്രസംഗത്തിലെ പരാമർശം ഗൗരവകരമാണ്. ഇതിൽ നിന്നും മനസ്സിലാക്കാനാകുന്നത് സമസ്തയിലെ പലർക്കും ഇതേ കുറിച്ച് അറിയാം എന്നതാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർ നൽകിയ പരാതിയിൽ സർക്കാർ കൈകൊണ്ട തീരുമാനം സ്വാഗതാർഹമാണെന്നും സംഭവത്തിൽ പുനരാന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ DIG യതീഷ് ചന്ദ്ര നേരിട്ട് ചെമ്പരിക്കയിൽ എത്തണമെന്നും കേസിന് നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
