
രാവണേശ്വരം(കാഞ്ഞങ്ങാട്): അജാനൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ പി. അനീഷ് ദീപം ചെണ്ടുമല്ലിയും വാടാർ മല്ലിയും കൃഷിയിൽ നൂറു മേനി വിജയം കൈവരിച്ചു. വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ഇരുപത്തിമൂന്നാം വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ, ഒന്നാം വാർഡ് മെമ്പർ പി. മിനി കോതോളങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് അശോകൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ കാര്യമായ ജോലികൾ ഇല്ലാത്തപ്പോൾ ആ സമയത്ത് പുഷ്പകൃഷിയുമായി മുന്നോട്ട് പോവുകയായിരുന്നു ഈ യുവാവ്.
കൊറോണ സമയത്ത് മത്സ്യകൃഷിയിൽ വിജയം കൈവരിച്ചിരുന്നു. ഇപ്പോഴും മത്സ്യകൃഷി തുടർന്നുപോകുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഈ വർഷം ചെണ്ടുമല്ലിയും വാടാർ മല്ലിയും കൃഷി നടത്തണമെന്ന ആശയം ഉദിച്ചത്. വാടാർ മല്ലിയും ചെണ്ടുമല്ലിയും കൃഷി ചെയ്ത് പ്രതികൂല കാലാവസ്ഥയിലും നൂറുമേനി വിജയം കൈവരിക്കാൻ വേണ്ടി യുവാവിന് സാധിച്ചു. ഭാര്യ ഹരിതാ ദീപം. ദേവാംശ് ദീപം, ദീപാംശ് ദീപം എന്നിവർ മക്കളാണ്. കൃഷി നടത്തുന്നതിന് വേണ്ടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നാട്ടുകാരുടെ അകമഴിഞ്ഞ സഹായസഹകരണവും ഉണ്ടായതായി അനീഷ് പറഞ്ഞു.
