മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കടയിലേക്ക് പാഞ്ഞുകയറി തുരുതുരാ വെട്ടി; പാലക്കാട് ആർ.എസ്.എസ് നേതാവിൻ്റെ കൊലപാതകത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു

  • Post category:news
  • Reading time:1 min read
You are currently viewing മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കടയിലേക്ക് പാഞ്ഞുകയറി തുരുതുരാ വെട്ടി; പാലക്കാട് ആർ.എസ്.എസ് നേതാവിൻ്റെ  കൊലപാതകത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു

പട്ടാപ്പകല്‍ നടന്ന അരുംകൊലയില്‍ നടുങ്ങി പാലക്കാട്. കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിൻ്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന മേലാമുറിയില്‍ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്.ആര്‍.എസ്എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെയാണ് ഒരു സംഘം അതിദാരുണമായി കൊലപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. അക്രമികള്‍ ആദ്യം കാലിലാണ് വെട്ടിയത്. പിന്നാലെ വയറിലും മറ്റുഭാഗങ്ങളിലും തുരുതുരാ വെട്ടി. ആക്രമണത്തിന് ശേഷം സംഘം സ്‌കൂട്ടറുകളില്‍ തന്നെ രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ശ്രീനിവാസന്‍ മേലാമുറിയില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തിവരികയാണ്. നേരത്തെ മാവേലിക്കരയിലും ബാലുശ്ശേരിയിലും ആര്‍.എസ്എസിൻ്റെ പ്രചാരകനായിരുന്നു.

അതേസമയം, സുബൈർ വധക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലായി. നേരത്തെ പാലക്കാട് നടന്ന മറ്റൊരു വെട്ടുകേസിലെ പ്രതികളുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം പൊലീസ് നടത്തിയിരുന്നു.അതിലുൾപ്പെട്ട ആരെങ്കിലുമാണോ നിലവിൽ കസ്റ്റഡിയിലുള്ളത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡി.വൈ.എസ്പി ഷംസുദ്ധീൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഇന്നലെയാണ് ജില്ലയിൽ എസ്ഡിപി.ഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിൻ്റെ കൊലപാതകം.

പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

0Shares