
സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിൻ്റെ മകൾ പത്തുവയസ്സുകാരി ഹാദിയ ഫാത്തിമ യാണ് മരണത്തിന് കീഴടങ്ങിയത്. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് ശനിയാഴ്ച്ച വൈകിട്ട് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ നാലുപേർ തൽക്ഷണം മരിച്ചിരുന്നു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ ഭാര്യ തസ്‌നി മകൻ ആദിൽ ജലീലിൻ്റെ മാതാവ് മൈമൂനത്ത് എന്നിവർ മരണപ്പെട്ടിരുന്നു.
കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നു. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വർഷങ്ങളായി ജിദ്ദയിൽ പ്രവാസിയായിരുന്ന അബ്ദുൽ ജലീലിൻ്റെ കുടുംബം സന്ദർശന വിസയിലാണ് സൗദിയിൽ എത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. കുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മരണത്തിൽ കേരളം ഒന്നടങ്കവും പ്രവാസികളും ദുഃഖത്തിലായി.
