
കാസർകോട്: പ്രമാദമായ അട്കത്ബയല്‍ സി.എ മുഹമ്മദ് ഹാജി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.
വർഗീയ സംഘർഷ കൊലപാതകങ്ങളിൽ സംഘപരിവാർ പ്രവർത്തകർ പ്രതികളായി ജയിലിലായാലും നിയമത്തിൻ്റെ ചില പഴുതുകളിലൂടെ കോടതിയിൽ നിന്നും മോചനം ലഭിക്കുന്നതാണ് നാം ഇതുവരെ കണ്ടത്. എന്നാൽ സി.എ മുഹമ്മദ് ഹാജി വധക്കേസിൽ പ്രതികളായ സംഘപരിവാർ പ്രവർത്തകർക്ക് ശിക്ഷ വിധിച്ചതോടെ കാസർകോട് ജനത കോടതികളിൽ അർപ്പിച്ച വിശ്വാസം യാഥാർഥ്യമായിരിക്കുന്നു.

ഇതിന് മുമ്പ് പുറത്തുവന്ന റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിധി കാസർകോട് ജനതക്ക് വലിയ നിരാശയാണുണ്ടാക്കിയത്. കോടതിയോടുള്ള വിശ്വാസം കൈവിടാതെ ഇന്നും കാത്തിരിക്കുകയാണ് ജനത. ഈ കേസില്‍ വാദിഭാഗവും സർകാരും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെ വിട്ടത് ഏറെ വിവാദമായിരുന്നു.
സി.എ മുഹമ്മദ് ഹാജി കൊല്ലപ്പെട്ട് 16 വർഷത്തിന് ശേഷമാണ് നിർണായക വിധിയുണ്ടായിരിക്കുന്നത്. അന്ന് വെള്ളരിക്കുണ്ട് സി.ഐ ആയിരുന്ന ഇപ്പോഴത്തെ കാസർകോട് എ.എസ്.പി പി ബാലകൃഷ്ണൻ നായരാണ് ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ജില്ലയിൽ 30 വർഷത്തിന് ശേഷം ഒരു വർഗീയ കൊലക്കേസ് കോടതിയില്‍ തെളിയിക്കാൻ കഴിഞ്ഞുവെന്നത് അന്വേഷണം നടത്തിയ പി ബാലകൃഷ്ണൻ നായരുടെ ഒദ്യോഗിക സ്ഥാനത്തിന് ലഭിച്ച ഏറ്റവും വലിയ അഗീകാരമായി നമുക്ക് കണക്കാക്കാം.
