
മഞ്ചേശ്വരം (കാസറഗോഡ്): മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ട് തള്ളാൻ ബി.ജെ.പിയുടെ ശ്രമം. ഫോം-7 ദുരുപയോഗം ചെയ്ത് ബി.ജെ.പി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന് മഞ്ചേശ്വരം MLA എ.കെ.എം അഷ്റഫും യു.ഡി.എഫും ആരോപിച്ചു. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടർ റൂൾസ് പ്രകാരമുള്ള ഫോം-7 ദുരുപയോഗം ചെയ്യുകയാണ് ബി.ജെ.പി ചെയ്യുന്നത്. കാലങ്ങളായി മഞ്ചേശ്വരത്ത് സ്ഥിര താമസമുള്ള നിർദ്ധനരായ പാവങ്ങളെ തിരഞ്ഞുപിടിച്ചാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം. ബി.ജെ.പിയുടെ ഈ ശ്രമത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും എം.എൽ.എ ആരോപിച്ചു. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിൻ്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നും എം.എൽ.എ തുറന്നടിച്ചു.
പൈവളികെ പഞ്ചായത്തിലെ 128-ാം ബൂത്തായ എസ്ആർഎൽപി (SRALP) സ്കൂൾ ബൂത്തിലെ ഏഴ് വോട്ടർമാർക്കെതിരെ ബി.ജെ.പി ജില്ലാ സെക്രട്ടറി ഉമേഷാണ് പരാതി നൽകിയത്. ഈ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും നബീസ, മോഹ്സീന സുനൈഫ, അസ്മ, സഫിയ, സുബൈദ, ഖദീജത്ത് കുബ്റ എന്നിവർ സ്ഥലത്തില്ലാത്തവരാണെന്നുമാണ് ബിജെപി നേതാവ് പരാതി നൽകിയത്. എന്നാൽ ഇവർ കാലങ്ങളായി മഞ്ചേശ്വരത്ത് താമസമുള്ളവരും വോട്ട് ചെയ്യുന്നവരാണെന്നും എം.എൽ.എ പറഞ്ഞു. മുസ്ലിം വിഭാഗ വോട്ടുകൾ തള്ളാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സംഭവത്തിൽ പരാതിയുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും എം.എൽ.എ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കം പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ ഫോം-7 ഉപയോഗിച്ചുള്ള ഒളിപ്പോരെന്നും എ.കെ.എം അഷ്റഫ് ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഒരാളുടെ പേര് നീക്കം ചെയ്യാൻ സമർപ്പിക്കുന്ന അപേക്ഷയാണ് ഫോം-7. ഇത്തരം പരാതികൾ നൽകിയാൽ അത് വ്യാജമാണെന്ന് തെളിയിക്കേണ്ട ബാധ്യത പരാതി നൽകിയ വ്യക്തിക്കാണ്. എന്നാൽ ഉദ്യോഗസ്ഥർ ഇതിൻ്റെ പേരിൽ വോട്ടർമാരെ ബുദ്ധിമുട്ടിക്കുകയാണെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർമാരെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചായിരുന്നു എം.എൽ.എ കാര്യങ്ങൾ വിശദീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി വിജയം ഉറപ്പിക്കാനായി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് വോട്ട് തള്ളൽ നടപടി. ഇതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മഞ്ചേശ്വരം എം.എൽ.എ ഓർമ്മപ്പെടുത്തി.
