
കാസറഗോഡ്: ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടലുകൾക്ക് ചുരുങ്ങിയ കാലയളവിൽ നാല് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബെള്ളൂർ കുടുബാരോഗ്യ കേന്ദ്രം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ.എ.എസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ദേശീയ ഗുണനിലവാര അംഗീകാരം, കായകൽപ്പ പുരസ്കാരം, ആർദ്രകേരളം പുരസ്‌കാരം, ടി.ബി മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങളാണ് ചുരുങ്ങിയ കാലയളവിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയത്. ഗ്രാമ പഞ്ചായത്ത് വാർഷി പദ്ധതിയിലുൾപ്പെടുത്തി നിരവധി പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ നടപ്പാക്കി വരുന്നത്.

ആരോഗ്യ മേഖലയിലെ വൈവിധ്യമാർന്ന ഇടപെടലുമായി ‘സേഫ് ബെള്ളൂർ’ പദ്ധതി, ടി.ബി മുക്ത ബെള്ളൂർ പദ്ധതി, എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള വൈവിധ്യമാർന്ന പദ്ധതികൾ, രോഗികൾക്കുൾപ്പെടെ വിഷ രഹിത പച്ചക്കറി നൽകുന്നതിനായി ആരംഭിച്ച ‘ഹരിത സ്പർശം’ പദ്ധതി, എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വസ്ത്രം എത്തിച്ച് നൽകുന്നതിനായി ആരംഭിച്ച ഡ്രസ് ബാങ്ക് പദ്ധതി, സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘തണൽ’ സ്വയം തൊഴിൽ പരിശീലന പരിപാടി, യോഗ പരിശീലന പരിപാടി, മാലിന്യ സംസ്കരണ പരിപാടി,സ്പെഷ്യൽ മെഡിക്കൽ ക്യാമ്പുകൾ, സാംക്രമിക, ജീവിത ശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ശീലവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ബെള്ളൂർ ഗ്രാമ പഞ്ചായത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരോടോപ്പം ഗ്രാമ പഞ്ചായത്തിലെ മറ്റ് ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കുടുബാരോഗ്യ കേന്ദ്രത്തിന് തുടർച്ചയായി പുരസ്കാരങ്ങൾ നേടാൻ സഹായകമായത്.
