പദ്ധതി നിര്‍വഹണത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്; കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍

You are currently viewing പദ്ധതി നിര്‍വഹണത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്; കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍

കാസറഗോഡ്: പദ്ധതി നിര്‍വഹണത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അസ്പിരേക്ഷണല്‍ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്പൂര്‍ണ്ണത അഭിയാന്‍ സമ്മാന്‍ സമാരോഹ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെയും കൃത്യമായ ലക്ഷ്യബോധത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ജനങ്ങളുടെ ആവശ്യങ്ങളും പ്രാദേശിക വികസന ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണ് ഓരോ പദ്ധതിയും നടപ്പിലാക്കപ്പെടുന്നത്. അതിന് മികച്ച ഉദാഹരണമാണ് പരപ്പ ബ്ലോക്കിനു ലഭിച്ച ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പുരസ്‌കാരമെന്നും അവര്‍ പറഞ്ഞു. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിലൂടെ പൊതുജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതോടൊപ്പം, പദ്ധതികളുടെ കാര്യക്ഷമതയും ഉറപ്പാക്കപ്പെടുന്നു. ജില്ലാപഞ്ചായത്തിലെ എല്ലാ ബ്ലോക്കുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാം വ്യാപിപ്പിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍, അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍, ഇത്തരത്തിലുള്ള പരിപാടികള്‍ ഏറെ സഹായകരമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം അവാര്‍ഡ് തുകയ്ക്കുള്ള പദ്ധതികളുടെ ഡിജിറ്റല്‍ ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പരിധിയിലുള്ള സംരംഭകരുടെയും കരകൗശല വിദഗ്ദരുടെയും സ്വയം സഹായ സംഘങ്ങളുടെയും പ്രദര്‍ശന വിപണനമേളയായ ആകാന്‍ക്ഷാ ഹാറ്റിൻ്റെ ഡിജിറ്റല്‍ ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ്ണത അഭിയാന്‍ ക്യാമ്പയിനില്‍ ആരോഗ്യം പോഷകാഹാരം കൃഷി എന്നീ മേഖലകളില്‍ ഉള്‍പ്പെട്ട സൂചകങ്ങളില്‍ നൂറു ശതമാനം കൈവരിക്കുന്നതിന് പ്രയത്‌നിച്ച ജനപ്രതിനിധികളെയും ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥരെയും മുന്‍നിര പ്രവര്‍ത്തകരെയും പരിപാടിയില്‍ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.രജനി, ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.രവി, രാജു കട്ടക്കയം, അഡ്വ ജോസഫ് മുത്തോലില്‍, ഗിരിജ മോഹന്‍, പി. ശ്രീജ, ടി.കെ നാരായണന്‍, പ്രസന്ന പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഒക്ലാവ് കൃഷ്ണന്‍, പ്രമോദ് വര്‍ണ്ണം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ബിജു കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ് നന്ദിയും പറഞ്ഞു.

0Shares