
മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാൻ ഭവ് പദ്ധതിക്ക് മികച്ച പ്രതികരണം. 20 ദിവസം കൊണ്ട് 77,549 പേര്‍ അവയവദാന പ്രതിജ്ഞ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്‌തു. ഇവരില്‍ ഭൂരിഭാഗം പേരും അവയവദാന സമ്മതപത്രവും നല്‍കി. അയവദാന സന്നദ്ധത അറിയിക്കുന്നവരില്‍ 60 ശതമാനത്തിലേറെയും സ്ത്രീകളാണ്. ഇവരില്‍ അധികവും 30നും 45നും ഇടയില്‍ പ്രായമുള്ളവരാണ്.
അവയവദാന പ്രക്രിയ സുതാര്യമാക്കുന്നതിനായി രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ രജിസ്ട്രി ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മുഖേന നാഷണല്‍ ഓര്‍ഗൻ ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓര്‍ഗനൈസേഷൻ (നോട്ടോ) ആകും ഈ രജിസ്റ്റര്‍ തയ്യാറാക്കുക.

സമ്മത പത്രത്തിൻ്റെ രജിസ്ട്രി, അവയവം ആവശ്യമുള്ളവര്‍, മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അവയവദാനത്തിന് സന്നദ്ധരാകുന്നവര്‍, മരണാന്തരം കണ്ണ് ദാനം ചെയ്യുന്നവര്‍ -എന്നിങ്ങനെയാകും രജിസ്ട്രികള്‍ ഉണ്ടാക്കുക.
ആരോഗ്യ മന്ത്രാലയത്തിൻ്റെ ആയുഷ്മാൻ ഭവ് പദ്ധതിപ്രകാരം പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുമായി ഈ രജിസ്ട്രികള്‍ ബന്ധിപ്പിക്കും. ആരോഗ്യ വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്‌ത് അവയവദാനത്തിന് യോഗ്യരാണോ എന്ന് കണ്ടെത്തുന്നതിന് ഇത് സഹായിക്കും.
