കണ്ണടച്ച്‌ തുറക്കുന്നതിനിടിയില്‍ 350 കോടി രൂപയുടെ ആസ്തി; നാട്ടുകാരെ അതിശയിപ്പിച്ചുള്ള വളര്‍ച്ച, ഷൈബിന്‍ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്ന്

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing കണ്ണടച്ച്‌ തുറക്കുന്നതിനിടിയില്‍ 350 കോടി രൂപയുടെ ആസ്തി; നാട്ടുകാരെ അതിശയിപ്പിച്ചുള്ള വളര്‍ച്ച, ഷൈബിന്‍ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്ന്

മലപ്പുറം: നാട്ടുവൈദ്യൻ്റെ കൊലയും ബ്ലൂ പ്രിന്റ് തയ്യാറാക്കി ഗള്‍ഫില്‍ രണ്ട് കൊലപാതകങ്ങളുടെ ആസൂത്രണവും നടത്തിയ മുഖ്യപ്രതി ഷൈബിന്‍ തെളിവ് നശിപ്പിക്കാന്‍ സ്വീകരിച്ച രീതിയും പ്രൊഫഷണല്‍ ക്രിമിനലുകളെ വെല്ലുന്നതാണെന്ന് പൊലീസ്. ഓരോനീക്കവും കൃത്യമായി ആസൂത്രണം ചെയ്യുന്ന അതിബുദ്ധിമാനായ കൊടുംക്രിമിനലെന്നും ഷൈബിനെ പൊലീസ് വിശേഷിപ്പിക്കുന്നു. മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന നാട്ടുവൈദ്യനെ ഒന്നേകാല്‍ വര്‍ഷം ഇയാള്‍ സ്വന്തം വീടിൻ്റെ ഒന്നാം നിലയില്‍ ഒളിപ്പിച്ചു പീഡിപ്പിച്ചിട്ടും അയല്‍വാസികള്‍ പോലുമറിഞ്ഞില്ലെന്നത് ഇതിന് തെളിവാണ്.

വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന വയനാട് ബത്തേരി സ്വദേശിയായ ഷൈബിന്‍ അഞ്ചുവര്‍ഷം മുമ്പാണ് നിലമ്പൂര്‍ മുക്കട്ടയില്‍ ആഡംബര വീട് വാങ്ങിയത്. പെട്ടെന്നായിരുന്നു ഷൈബിൻ്റെ സാമ്പത്തിക വളര്‍ച്ച. മൈതാനിക്കുന്നിലെ കുടിലില്‍ നിന്ന് ഊട്ടി റോഡിലെ ആഡംബര സൗധത്തിലേക്ക് നാട്ടുകാരെയും പരിചയക്കാരെയും അതിശയിപ്പിച്ചുള്ള വളര്‍ച്ച. കണ്ണടച്ച്‌ തുറക്കുന്നതിനിടിയില്‍ 350 കോടി രൂപയുടെ ആസ്തി. കുറച്ചുകാലം ബത്തേരിയില്‍ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിന്‍ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അതിനിടെ, മാതാവ് ജോലി തേടി ഗള്‍ഫിലേക്കു പോയി. ആ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഷൈബിനും ഗള്‍ഫിലെത്തിയത്. പിന്നീട് ജീവിതം മാറുകയായിരുന്നു.

രക്ഷപെട്ടല്ലോ എന്ന് ചോദിച്ചവരോടെല്ലാം ഷൈബിന്‍ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്നായിരുന്നു. ബിസിനസ് പച്ച പിടിച്ചതോടെ നാട്ടിലെ പല ചെറുപ്പക്കാരുടെയും രക്ഷകനായി ഷൈബിന്‍. വിദേശത്ത് പലര്‍ക്കും ജോലി തരപ്പെടുത്തി നല്‍കി. വിശ്വസ്തര്‍ക്ക് കാറും ബൈക്കും നല്‍കി കൂടെക്കൂട്ടി. സാധാരണ കുടുംബത്തിലാണ് പിറന്നത്. പ്ലസ്‌ടുവാണ് വിദ്യാഭ്യാസ യോഗ്യത. പത്തുവര്‍ഷം മുമ്പാണ് ഗള്‍ഫില്‍ പോയത്. തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഡീസല്‍ വ്യാപാരമാണെന്നാണ് ബന്ധുക്കളോട് ഉള്‍പ്പെടെ പറഞ്ഞിരുന്നത്.

ഷൈബിന്‍ അഷ്റഫിൻ്റെ ജീവിതം ആഡംബര ജീവിതത്തിൻ്റെ അത്യുന്നതിയില്‍; ആഡംബര കാറുകളുടെ ശേഖരമാണ് ഈ വീടിനുള്ളിലെന്ന് നാട്ടുകാര്‍ വൃക്കരോഗം വില്ലനായതോടെ ബിസിനസ് ക്ഷീണത്തിലായി. അബുദാബിയില്‍ കേസില്‍പ്പെട്ട് രണ്ട് വര്‍ഷം ജയിലില്‍. ഇതിനിടെ വീട് പണി മുടങ്ങി.

ഒപ്പം നിന്നവരില്‍ പലരും ഷൈബിനെതിരായി തുടങ്ങി. പക്ഷേ സ്വന്തം സ്വാധീനം കൊണ്ട് ഇവരെയെല്ലാം ഷൈബിന്‍ നിശബ്ദനാക്കി. നിനച്ചിരിക്കാത്ത നേരത്താണ് തെറ്റിപ്പിരിഞ്ഞ നൗഷാദും സുഹൃത്തുക്കളും ഷൈബിനെതിരെ വന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് ഇയാള്‍ നടത്തിയിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷൈബിനെ മഞ്ചേരി സബ്‌ജയിലില്‍ പ്രവേശിപ്പിച്ച ശേഷം പരിസരത്ത് കുപ്രസിദ്ധരായ കൊടുംക്രിമിനലുകളുടെ സാന്നിദ്ധ്യമുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

0Shares