
രാജ്യത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനം സ്ത്രീ ശാക്തീകരണ നേര്‍ക്കാഴ്‌ചയായി. വിജയ് ചൗക്കില്‍ നിന്ന് രാവിലെ ആരംഭിച്ച് കർത്തവ്യ പഥിലൂടെ അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് റിപ്പബ്ലിക് ദിന പരേഡ്. പരേഡിലും ബാൻഡിലും മാര്‍ച്ച് പാസ്റ്റിലും ടാബ്ലോയിലും ഉള്‍പ്പെടെ അണിനിരന്നത് വനിതകള്‍ എന്നതാണ് പ്രത്യേകതയുമുണ്ട്. രാഷ്‌ട്രപതി ദ്രൗപതി മെർമു ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചത് ശംഖും താള മേളങ്ങളുമായാണ്. ഇതാദ്യമായി 100 വനിതാ കലാകാരന്മാരുടെ സംഘം റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത്. ഈ കലാകാരന്മാർ ശംഖ്, ഡ്രം തുടങ്ങിയ ഇന്ത്യൻ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് കർത്തവ്യ പഥിലൂടെ കടന്നുപോയത്. റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോൺ ആയിരുന്നു.
‘ഭാരത് ലോക് തന്ത്ര കി മാതൃക’ (ജനാധിപത്യത്തിൻ്റെ മാതാവ്) എന്നതാണ് ഇത്തവണ റിപ്പബ്ലിക് ദിന പ്രമേയം. ഭരണഘടനയനുസരിച്ച് പരേഡില്‍ പങ്കെടുക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമാണ്. നിശ്ചിത പ്രമേയവുമായാണ് സംസ്ഥാനങ്ങള്‍ എല്ലാവര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ ടാബ്ലോകള്‍ അവതരിപ്പിക്കുന്നത്.

ഇത്തവണ പരേഡില്‍ 16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ടാബ്ലോകളാണ് പങ്കെടുത്തത്. ഒമ്പത് മന്ത്രാലയങ്ങളുടെ ടാബ്ലോകളും അണിനിരന്നു. അരുണാചല്‍ പ്രദേശ്, ഹരിയാന, മണിപ്പുര്‍, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ലഡാക്ക്, തമിഴ്‌നാട്, ഗുജറാത്ത്, മേഘാലയ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവ മാത്രമായിരുന്നു പരേഡിനായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
ശാസ്ത്ര- ഗവേഷണ രംഗത്തെ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നു. പേറ്റണ്ട് ഉടമകള്‍ക്ക് പുറമെ ചില സ്റ്റാർട്ടപ്പുകളില്‍ നിന്നുള്ളവരും സന്നിഹിതരായി. കേന്ദ്രത്തിൻ്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെയും വിശിഷ്ട അതിഥികളായി. കൃഷിയില്‍ മികച്ച പ്രകടനം നടത്തിയ അല്ലെങ്കില്‍ മറ്റ് പദ്ധതികളിലൂടെ മികച്ച പ്രകടനം കാഴ്‌ച വെച്ചരെയും ക്ഷണിച്ചു. 1300ഓളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.
കേന്ദ്ര സായുധ പൊലീസ് സേനയുടെ, ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.എപി.എഫ്, ഐ.ടി.ബി.പി എന്നിവയുടെ മാർച്ചിങ് സ്ക്വാഡുകളിലെല്ലാം വനിതകള്‍ മാത്രമായിരുന്നു. അഗ്‌നിവീർ പദ്ധതിയില്‍ പരിശീലനം നേടിയ വനിതകളും ഇത്തവണ അണിനിരന്നു.
വ്യോമസേനാ ടാബ്ലോയില്‍ രണ്ട് വനിതാ ഫൈറ്റർ പൈലറ്റുമാരും, ഫ്ലൈറ്റ് ലെഫ്റ്റനണ്ട് അനന്യ ശർമ്മയും ഫ്ലയിംഗ് ഓഫീസർ അസ്‌മ ഷെയ്ഖും സുഖോയ്- 30 യുദ്ധവിമാനത്തിൻ്റെ പൈലറ്റുമാരായി. സി- 130ജെ വിമാനവും ടാബ്ലോയില്‍ പ്രദർശിപ്പിച്ചു. തദ്ദേശീയ യുദ്ധവിമാനമായ തേജസിനൊപ്പം സുഖോയ് -30 ടാബ്ലോയില്‍ അണിനിരത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകള്‍ നേർന്നു. എക്സ് പോസ്റ്റിലൂടെ ആയിരുന്നു ആശംസ നേർന്നത്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ദേശീയ യുദ്ധ സ്‌മാരകത്തിൽ എത്തി പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അർപ്പിച്ചു.
