
കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വീട് തറവാട് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആരംഭിച്ച അനുമോദന യോഗം തറവാട് കാരണവർ ടി. കൃഷ്ണൻ നായർ രാവണേശ്വരം ഉദ്ഘാടനം ചെയ്തു.

തറവാട് പ്രസിഡണ്ട് പത്മനാഭൻ എടപ്പണി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായുള്ള ദുരിതാശ്വാസ നിധി സ്വരൂപണത്തിൻ്റെ ആദ്യ തുക തറവാട് കാരണവർ ടി. കൃഷ്ണൻ നായർ തറവാട് പ്രസിഡണ്ട് പത്മനാഭൻ എടപ്പണിയിൽ നിന്നും ഏറ്റുവാങ്ങി. പട്ടോടം കുഞ്ഞിരാമൻ, വടക്കേ വളപ്പിൽ കുഞ്ഞിരാമൻ, ടി. ചാത്തുക്കുട്ടി, രാജീവൻ കാഞ്ഞങ്ങാട്, യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് ഗോപാലകൃഷ്ണൻ കക്കാട്ട്, ടി. ലോഹിതാക്ഷൻ രാവണേശ്വരം എന്നിവർ സംസാരിച്ചു. തറവാട് സെക്രട്ടറി നാരായണൻ പുതുക്കുന്ന് സ്വാഗതവും രാജൻ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.
