
കാസർകോട്: 2022ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് (റിന്യൂവല്‍) അപേക്ഷിക്കാം. ഡിസംബര്‍ 20 നകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2021ല്‍ അക്രഡിറ്റേഷന്‍ ലഭിച്ചവരാണ് (ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് കാര്‍ഡ് ലഭിച്ചവര്‍) അക്രഡിറ്റേഷന്‍ പുതുക്കാന്‍ അപേക്ഷിക്കേണ്ടത്. www.prd.kerala.gov.in ലോഗിന്‍ ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.
നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തവണ പ്രൊഫൈലില്‍ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ) ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. റിപ്പോര്‍ട്ടര്‍മാര്‍ മീഡിയാ വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.

രേഖപ്പെടുത്തിയ വിവരങ്ങള്‍ അപേക്ഷകന് പരിശോധിക്കാന്‍ പ്രിവ്യൂ സൗകര്യം ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ട് മാധ്യമ മേധാവിയുടെ അംഗീകാരത്തോടെ വേണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2021 ഡിസംബര്‍ 20 നകം സമര്‍പ്പിക്കേണ്ടത്.
നിലവില്‍ ഉള്ള കാര്‍ഡിൻ്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. (റിപ്പോര്‍ട്ടിംഗ് ജീവനക്കാര്‍ ബ്യൂറോ ചീഫിൻ്റെയും എഡിറ്റോറിയല്‍/ഡസ്‌കിലുള്ളവര്‍ ചീഫ് എഡിറ്റര്‍/ന്യൂസ് എഡിറ്ററുടെയും ഒപ്പും സീലുമാണ് പ്രിന്റൗട്ടില്‍ രേഖപ്പെടുത്തേണ്ടത്). പുതുക്കിയ കാര്‍ഡുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിന്ന് ഡിസംബര്‍ അവസാനം വിതരണം ചെയ്യും.
