
മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മകൻ്റെ ബി.ജെ.പി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും എത്രനാൾ ജീവിച്ചിരുന്നാലും താൻ ബി.ജെ.പിക്കും ആർ.എസ്. എസിനുമെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ചും ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എ.കെ ആന്റണി സംസാരിച്ചത്. രാജ്യത്തിൻ്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറിയ ശേഷം സമുദായ സൗഹാർദ്ദം ശിഥിലമാകുന്ന സ്ഥിതിയാണുള്ളത്.
ജാതി -മത- വർണ ഭേദമില്ലാതെ എല്ലാവരെയും ഒരേ പോലെ കണ്ടവരാണ് ഗാന്ധി കുടുംബം. ഒരു ഘട്ടത്തിൽ ഇന്ധിരാഗാന്ധിയുമായി താൻ അകന്നുവെങ്കിലും പിന്നീട് തിരിച്ച് വന്ന ശേഷം മുമ്പില്ലാത്ത രീതിയിൽ ആദരവും സ്നേഹവുമാണ് അവരോടുണ്ടായിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ആ കുടുംബമാണ്. അതിനാൽ എന്നും എൻ്റെ കൂറ് ആ കുടുംബത്തോടായിരിക്കും.

എൻ്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. 82 വയസായ ഞാൻ ഇനിയെത്രകാലമുണ്ടാകുമെന്നറിയില്ല. ദീർഘായുസെനിക്ക് താൽപര്യവുമില്ല. എത്രനാൾ ഞാൻ ജീവിച്ചാലും ഞാൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രവർത്തകനായാകുമെന്നെനിക്കുറപ്പാണ്. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ താനിനി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാർത്താ സമ്മേളനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
