നിയമ ഭേദഗതി പാസാക്കി; 3000 ചതുരശ്ര അടിക്ക് മുകളില്‍ ഇനി അധിക കെട്ടിട നികുതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നിയമ ഭേദഗതി പാസാക്കി; 3000 ചതുരശ്ര അടിക്ക് മുകളില്‍ ഇനി അധിക കെട്ടിട നികുതി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയും റദ്ദാക്കിയ കെട്ടിട ആഡംബര നികുതി, അധിക നികുതിയെന്ന പേരില്‍ ഇനി സര്‍ക്കാര്‍ പിരിക്കും. ഇതിന് അധികാരം നല്‍കുന്ന നിയമഭേദഗതി വ്യാഴാഴ്‌ച നിയമസഭ പാസാക്കി. മൂവായിരം ചതുരശ്ര അടിക്ക് മുകളിലാണ് ബാധകം.

തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതിക്ക് പുറമേയാണ് റവന്യൂ വകുപ്പിൻ്റെ അധിക നികുതി. 3000 ചതുരശ്ര അടി മുതല്‍ 5000 ചതുരശ്ര അടിവരെ 5000 രൂപ, 5000- 7000 ച. അടിക്ക് 7500 രൂപ, 7000- 10000ച. അടിക്ക് 10000 രൂപ, 10000 ച. അടിക്ക് മുകളില്‍ 12500 രൂപയുമാണ് വര്‍ഷംതോറും അധിക നികുതി നല്‍കേണ്ടത്.

നേരത്തെ ആഡംബര നികുതി ഈടാക്കിയിരുന്നെങ്കിലും അത് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇത് ചോദ്യം ചെയ്‌തുള്ള ഹര്‍ജി ഹൈക്കോടതിയും തള്ളി. ഇതോടെ ഇതുവരെ ഈടാക്കിയത് തിരിച്ചു കൊടുക്കേണ്ടി വരുമെന്ന സ്ഥിതിയിലായി. ഇതൊഴിവാക്കാനും കൂടുതല്‍ വരുമാനം ഉറപ്പാക്കാനുമാണ് അധിക നികുതിയെന്ന പേരില്‍ പിരിക്കാൻ തീരുമാനിച്ച്‌ നിയമഭേദഗതി വരുത്തിയത്.

തെറ്റായ വിവരത്തിന് 50 ശതമാനം പിഴ

തദ്ദേശ സ്ഥാപന അധികാരികള്‍ നൽകിയ രേഖ അനുസരിച്ചായിരിക്കും അധിക നികുതി ഈടാക്കുക.
കെട്ടിട നികുതി കണക്കാക്കുന്നതില്‍ തെറ്റായ വിവരം നല്കുന്നവര്‍ക്ക് 50 ശതമാനം അധിക നികുതി നല്‌കേണ്ടി വരും. കെട്ടിട നികുതി നിര്‍ണയത്തില്‍ പരാതിയുണ്ടെങ്കില്‍ കളക്ടര്‍ക്ക് മൂന്നു മാസത്തിനകം നല്കണമെന്നുള്ളത് ഒരുവര്‍ഷത്തിനുള്ളില്‍ എന്നാക്കി.

ഫ്ളാറ്റുകള്‍ക്ക് കെട്ടിട സമുച്ചയം എന്ന നിലയില്‍ ഒറ്റ നികുതി എന്ന രീതിയിലും മാറ്റം വരുത്തി. ഓരോ ഫ്ളാറ്റിനെയും ഓരോ യൂണിറ്റായി കണക്കാക്കി ഇനി മുതല്‍ നികുതി നിശ്ചയിക്കും. ഇപ്പോള്‍ കെട്ടിട സമുച്ചയത്തിൻ്റെ ഉടമയാണ് നികുതി തുക അടയ്‌ക്കേണ്ടത്. ഇതിലും മാറ്റം വരുത്തി നിയമ ഭേദഗതി വന്നാലും ജനങ്ങള്‍ക്ക് അധികഭാരം വരില്ല.

0Shares