ഒറ്റപ്പാലം(പാലക്കാട്): അനങ്ങന്‍മലയില്‍ തീപിടുത്തം. വരോട്, കോതകുറിശ്ശി, അനങ്ങനടി എന്നീ ഭാഗങ്ങളിലേക്കും തീ പടർന്നു. വനം വകുപ്പിന്റെ 12 ഹെക്ടറോളം സ്ഥലം ഇതിനകം കത്തിനശിച്ചു. നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് തീയണച്ച് താത്കാലിക സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും തീ പൂര്‍ണമായി കെടുത്താനായിട്ടില്ലെന്നാണ് വിവരം. ജനവാസപ്രദേശംവരെ തീ പടർന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് വനത്തിൽ തീ പടര്‍ന്നുതുടങ്ങി പിന്നീട് അത് വ്യാപിക്കുകയായിരുന്നു. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് വലിയ മരങ്ങളൊന്നും കത്തിനശിച്ചിട്ടില്ലെന്നും കുറ്റിക്കാടുകളും ഉണക്കപ്പുല്ലുമാണ് കത്തിയതില്‍ കൂടുതലെന്നുമാണ് വനംവകുപ്പധികൃതര്‍ പറയുന്നത്. എന്നാല്‍, വലിയ മരങ്ങളും കത്തിയിട്ടുണ്ടെന്ന് മലയോരത്തുള്ളവര്‍ പറയുന്നത്.
അനങ്ങന്‍മലയില്‍ രണ്ട് മാസത്തിവനിടെയുണ്ടായ രണ്ടാമത്തെ തീപിടുത്തമാണിത്. ഇവിടങ്ങളിൽ ഉണ്ടാകുന്നത് കാട്ടുതീയല്ലന്നും ആരോ തീ ഇട്ടതാണെന്നുമാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ രണ്ടുതവണയായി 20 ഹെക്ടറോളം വനം വകുപ്പ് ഭൂമിയും ഏകദേശം അഞ്ച് ഹെക്ടറോളം സ്വകാര്യവ്യക്തികളുടെ ഭൂമിയും കത്തിനശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.