
19കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ അഞ്ച് മണിക്കൂർ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. കോച്ചിംഗ് സെന്ററില്‍ നിന്ന് നടന്നു വരുമ്പോഴായിരുന്നു സംഭവം.കാറിലെത്തിയ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് കണ്ണുകെട്ടി കാറിനുള്ളില്‍വെച്ച് തന്നെ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.തുടർന്ന് രാത്രി പത്ത് മണിയോടെ സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലാല്‍സോട്ട് ഏരിയയില്‍ ഇറക്കിവിട്ടു.
എന്നാല്‍ പെണ്‍കുട്ടി അന്നുതന്നെ പോലീസില്‍ പരാതി നല്‍കി. തന്നെ ബലാത്സംഗം ചെയ്തവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ അയല്‍ ഗ്രാമങ്ങളിലുള്ളവരാണ്. അതേസമയം കോടതി അവധിയായതിനാല്‍ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
