
ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 13 എം.എല്‍.എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കി. ഒരു ദിവസത്തേക്കാണ് പുറത്താക്കല്‍ നടപടി. ശക്തമായ ചുഴലികാറ്റില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടത്തെകുറിച്ച് സഭയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതിനെതുടര്‍ന്ന് ടി.ഡി.പി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

സഭയില്‍ മുഖ്യമന്ത്രി വൈ. എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ലമെന്റ് സഭാ ചട്ടത്തിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരേയും പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.
കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണം, ചുഴലികാറ്റില്‍ നാശനഷ്ടം നേരിട്ട കുടുംബങ്ങള്‍ക്ക് 10000 രൂപ ധനസാഹയം നല്‍കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കരുതെന്നും അവര്‍ക്ക് എത്രയും പെട്ടെന്ന് നാശനഷ്ടം നല്‍കണമെന്നും ടി.ഡി.പി ആവശ്യപ്പെട്ടു.
