
ന്യൂഡൽഹി: ചൈനയും പാകിസ്ഥാനുമായി അതിർത്തി തർക്കം മുറുകുകയും, ചൈനയുമായി യുദ്ധ സമാനമായ അന്തരീക്ഷം അതിർത്തിയിൽ സംജാതവുമായിരിക്കുന്ന സമയത്തുതന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി. എ. ജി ) റിപ്പോർട്ട് പുറത്തുവന്നു. യുദ്ധത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള 152 തരം യുദ്ധോപകരണങ്ങളില്‍ 61 എണ്ണം പത്തുദിവസത്തെ യുദ്ധംകൊണ്ട് തീരാവുന്നത്ര കുറവാണെന്ന് സി. എ.ജി കഴിഞ്ഞദിവസം പാര്‍ലമെന്റിനു മുമ്പാകെ വെച്ച റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും കുറഞ്ഞത് 20 ദിവസത്തെ യുദ്ധത്തിനുള്ള യുദ്ധോപകരണങ്ങളെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുണ്ടാവണം. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു ഉണ്ടാവേണ്ടത് 40 ദിവസത്തെ ശക്തമായ യുദ്ധത്തിനുവേണ്ടിയുള്ള യുദ്ധോപകരണങ്ങളാണ്. സൈന്യത്തിന്റെ പക്കലുള്ള 152 തരം യുദ്ധോപകരണങ്ങളില്‍ വെറും 31 മാത്രമേ 40ദിവസത്തെ ഉപയോഗത്തിനായുള്ളൂ. 12 തരം 30ദിവസത്തെ ഉപയോഗത്തിനും 26 തരം വെറും 20ദിവത്തെ ഉപയോഗത്തിനായുള്ളതും മാത്രമേയുള്ളൂ.
