സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി വ്യാജരേഖയുണ്ടാകുന്ന അദ്ധ്യാപകരെ ജാഗ്രതെ; അഴിയെണ്ണേണ്ടത് പ്രധനാധ്യാപകനും ക്ലാസ് ടീച്ചറും

  • Post category:news
  • Reading time:2 mins read
You are currently viewing സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി വ്യാജരേഖയുണ്ടാകുന്ന അദ്ധ്യാപകരെ ജാഗ്രതെ; അഴിയെണ്ണേണ്ടത് പ്രധനാധ്യാപകനും ക്ലാസ് ടീച്ചറും

തിരുവനന്തപുരം: വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അനധികൃതമായി പുതിയ ഡിവിഷനുകള്‍ നേടിയെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന അധ്യാപകര്‍ക്ക് പിടി വീണു തുടങ്ങി. ഇത്തരത്തില്‍ 70 എയ്ഡഡ് സ്‌കൂളുകള്‍ അധ്യാപക നിയമനം നടത്തിയെന്നു കണ്ടെത്തി. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപക നിയമനം നടത്തുവാന്‍ വേണ്ടിയാണ് വ്യാജരേഖകളിലൂടെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ തട്ടിപ്പിന്റെ പേരില്‍ മൂന്നു സ്‌കൂളുകളിലെ പ്രധനാധ്യാപകനും ക്ലാസ് ടീച്ചര്‍മാര്‍ക്കും എതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മറ്റു സ്‌കൂളുകളില്‍ തട്ടിപ്പു നടത്തിയവര്‍ക്കെതിരേ വിശദമായ പരിശോധന നടത്തിവരികയാണ്. തിരിമറി കാണിച്ച സ്‌കൂള്‍ മാനേജര്‍മാരെ അയോഗ്യരാക്കും. ചില സ്‌കൂളുകളില്‍ നടക്കുന്ന തട്ടിപ്പ് ഇങ്ങനെ; അധിക തസ്തികയ്ക്ക് അര്‍ഹതയില്ലാത്ത സ്‌കൂളുകളില്‍നിന്നും അതേ മാനേജ്മെന്റിനു കീഴിലുള്ള മറ്റു സ്‌കൂളുകളില്‍നിന്നും ടി.സി. വാങ്ങി കുട്ടികളുടെ പേര് ഹാജര്‍ ബുക്കില്‍ ചേര്‍ക്കും. ആറാം പ്രവൃത്തിദിനത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് കഴിയുന്നതോടെ ടി.സി. പഴയ സ്‌കൂളിലേക്കു തിരിച്ചുനല്‍കും. ബുക്ക് അഡ്ജസ്റ്റ്മെന്റ് എന്ന പേരിലറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ തങ്ങളുടെ ‘സ്‌കൂള്‍ മാറിയത്’ വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിയില്ല. കുട്ടികളുടെ എണ്ണം നല്‍കാനുള്ള സമ്പൂര്‍ണ സോഫ്റ്റ്വേര്‍ ഒഴിവാക്കിയാണു ഈ തട്ടിപ്പ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ പേരും യു.ഐ.ഡി. നമ്പറും ഉപയോഗിച്ചും ടി.സി. ഇല്ലാതെ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയും തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ പല സ്‌കൂളുകളും അനധികൃത ഡിവിഷനുകള്‍ നേടിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയത്. അധികമായുണ്ടായ എല്ലാ തസ്തികയിലും മാനേജ്മെന്റുകള്‍ അധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.തസ്തിക നിര്‍ണയത്തിനുശേഷം സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതു ശ്രദ്ധയില്‍ പെട്ടതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. തട്ടിപ്പിനുവേണ്ടി വന്‍തോതില്‍ ടി.സി. സംഘടിപ്പിക്കുകയും പിന്നീട് ടി.സി. തിരിച്ചുനല്‍കുകയും ചെയ്തു എന്നാണ് കണ്ടെത്തല്‍. ഡയറക്ടറ്ററുടെ അന്വേഷണത്തില്‍ മൂന്നു സ്‌കൂളുകളില്‍ വലിയ തോതിലുള്ള ക്രമക്കേട് നടത്തി എന്നത് വ്യക്തമായി. ഈ സ്‌കൂളിലെ പ്രധാനാധ്യാപകന്‍, കുട്ടികളെ വ്യാജമായി ചേര്‍ത്ത ക്ലാസിലെ അധ്യാപകന്‍ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണു കുറ്റങ്ങള്‍. ഇത്തരം ക്രമക്കേടിനു പിന്നില്‍ പ്രവര്‍ത്തിച്ച മാനേജര്‍മാരെ അയോഗ്യരാക്കണം. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ പോലീസിന് ഉചിതമായ തീരുമാനമെടുക്കാം. ടി.സി. നല്‍കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താനും കുട്ടികളുടെ ഭാവി സംഭരക്ഷിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടി കൈകൊണ്ടു.

0Shares