തിരുവനന്തപുരം: പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് അമ്മ ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊല്ലം പത്മന ആശ്രമത്തിലെ അന്തേവാസിയായ സ്വാമിയാണ് ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പൂജയുടെ പേര് പറഞ്ഞാണ് നിരന്തരം പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നത്.

പൂജ മുറുകുമ്പോള്‍ അമ്മയെ വിവസ്ത്രയാക്കും പിന്നീട് മകളെയും വിവസ്ത്രയാക്കിയായിരുന്നു പീഡനമെന്നും പെണ്‍കുട്ടി പറയുന്നു. എതിര്‍ത്തെങ്കിലും സ്വാമിയാണെന്നും ദൈവകോപമുണ്ടാകുമെന്നും പറഞ്ഞ് അമ്മ എതിര്‍ക്കുമെന്നും 17 വയസ്സുമുതല്‍ പെണ്‍കുട്ടിയെ ഈ വിധത്തില്‍ ഉപദ്രവിച്ചു വരുന്നതായി പറയുന്നു. ഇതിനിടെ ഇന്നലെ രാത്രിയില്‍ അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ മുറിയിലെത്തിയ സ്വാമി മകളെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചപ്പോഴായിരുന്നു പെണ്‍കുട്ടി കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ലൈംഗീകാവയവം വെട്ടി മാറ്റിയത്. എന്നാല്‍ ഇയാള്‍ക്ക് പത്മന ആശ്രമാവുമായി യാതൊരു ബന്ധവും ഇല്ലെന്നു ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ 15 ദിവസം മുന്‍പ് ഒരു ചടങ്ങുമായി ബന്ധപ്പെട്ടു ആശ്രമത്തില്‍ എത്തുകയും ഇതിനു ശേഷം അവിടെ നിന്നും മടങ്ങിപോയതായും അധികൃതര്‍ അറിയിച്ചു. അതെ സമയം താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്നാണ് സ്വാമി പോലീസിനു നല്കിയ മൊഴി. കോലഞ്ചേരി സ്വദേശിയായ ഇയാള്‍ മുന്‍പ് ഹോട്ടല്‍ നടത്തി വരികയായിരുന്നു.